കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഒരു കണ്ണ് മാത്രം പുറത്ത് കാണിക്കുന്ന വസ്ത്രം ധരിക്കണമെന്ന മനുഷ്യത്വ രഹിതമായ ഉത്തരവ് കർശനമാക്കുന്നു.
ഇസ്ലാമിക മതമൗലികവാദികൾ നയിക്കുന്ന താലിബാൻ ഭരണകൂടം 2022 മെയ് മാസത്തിൽ പുറത്തിറക്കിയ ഉത്തരവനുസരിച്ച്, സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തല മുതൽ കാൽ വരെ മറയ്ക്കുന്ന വസ്ത്രം ധരിക്കണം.ഇതിൽ കണ്ണ് ഒഴികെയുള്ള മുഖവും മറയ്ക്കണം.
താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ പുറപ്പെടുവിച്ച ഉത്തരവ് ആണിത്. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ബുർഖയോ അല്ലെങ്കിൽ മുഖം പൂർണ്ണമായി മറയ്ക്കുന്ന (കണ്ണുകൾ മാത്രം കാണുന്ന) നിക്കാബോ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ധരിക്കണം. ബുർഖയാണ് ഏറ്റവും അഭികാമ്യമെന്നും ഉത്തരവിൽ പറയുന്നു.
ഉത്തരവ് ലംഘിക്കുന്ന സ്ത്രീകളുടെ പുരുഷ രക്ഷിതാക്കൾക്ക് (പിതാവ്, സഹോദരൻ, ഭർത്താവ്) താക്കീത് നൽകുക, ജയിലിൽ അടയ്ക്കുക, അല്ലെങ്കിൽ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിടുക തുടങ്ങിയ ശിക്ഷാ നടപടികൾ നേരിടേണ്ടി വരും.
സ്ത്രീകൾക്ക് പുറത്ത് അത്യാവശ്യമായ ജോലികൾ ഇല്ലെങ്കിൽ വീട്ടിൽ തന്നെ കഴിയുന്നതാണ് നല്ലതെന്നും ഉത്തരവിൽ പറയുന്നു.
താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം, ജോലി ചെയ്യാനുള്ള അവകാശം, സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശം തുടങ്ങി നിരവധി അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. ഈ പുതിയ ഉത്തരവ് അവരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള മറ്റൊരു വലിയ കടന്നുകയറ്റമാണ്.
പല സ്ത്രീകളും പൂർണ്ണമായി മുഖം മറച്ച് നടക്കുന്നത് കാഴ്ചയെ ബാധിക്കുകയും ഇത് സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം അതിരൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ നിയമങ്ങൾ അഫ്ഗാൻ സമൂഹത്തിൽ സ്ത്രീകളുടെ സാന്നിധ്യം പൂർണ്ണമായും ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് ഐക്യരാഷ്ട്രസഭയും മറ്റ് മനുഷ്യാവകാശ സംഘടനകളും വിമർശിക്കുന്നു.
എന്നാൽ ഈ വസ്ത്രധാരണ നിയമം ലംഘിച്ചതിന് എത്ര സ്ത്രീകളെ ശിക്ഷിച്ചു എന്നതിന് കൃത്യമായ ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല. താലിബാൻ ഭരണകൂടം ഇത്തരം വിവരങ്ങൾ പൊതുവായി പുറത്തുവിടാറില്ല.വിവിധ മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും പുറത്തുവിട്ട റിപ്പോർട്ടുകളിൽ നിന്ന് ചില സൂചനകൾ മാത്രം ലഭിക്കുന്നുണ്ട്.
പൊതുസ്ഥലങ്ങളിൽ അറസ്റ്റും ശിക്ഷകളും വ്യാപകമാണെന്ന് മധ്യമ റിപ്പോർട്ടുകൾ പറയുന്നു.കാബൂൾ ഉൾപ്പെടെയുള്ള നഗരങ്ങളിൽ “മോശം ഹിജാബ്” ധരിച്ചെന്ന് ആരോപിച്ച് സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു.ചില സാഹചര്യങ്ങ്ളിൽ, അവരെ അജ്ഞാത സ്ഥലങ്ങളിലേക്ക് മാറ്റിയതായും വാർത്തകൾ വന്നിരുന്നു.
നിയമം ലംഘിക്കുന്ന സ്ത്രീകളുടെ പുരുഷ രക്ഷിതാക്കൾക്ക് ശിക്ഷ നൽകുമെന്നാണ് താലിബാൻ ഉത്തരവിൽ പറയുന്നത്. ആദ്യഘട്ടത്തിൽ താക്കീതും പിന്നീട് തടവും സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിടലും പോലുള്ള ശിക്ഷകളാണ് നൽകുക. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അവയുടെ കണക്ക് ലഭ്യമല്ല.
താലിബാൻ്റെ ആദ്യ ഭരണകാലത്ത് , 1996 ഡിസംബറിൽ കാബൂളിൽ നിന്ന് 225 സ്ത്രീകളെ വസ്ത്രധാരണ നിയമം ലംഘിച്ചതിന് പിടികൂടി ശിക്ഷിച്ചതായി റേഡിയോ ശരിയ അറിയിച്ചിരുന്നു. ഇവരുടെ കാലുകളിലും പുറത്തും ചാട്ടവാറടി നൽകിയതായും റിപ്പോർട്ടുണ്ട്. 2021-ന് ശേഷമുള്ള സ്ഥിതിവിവരക്കണക്കുകൾ ഒട്ടും സുതാര്യമല്ല.
2024-ൽ “ഭിക്ഷാടനം തടയൽ” നിയമങ്ങളുടെ പേരിൽ വലിയ തോതിൽ സ്ത്രീകളെ തടവിലാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇതിൽ പലരും ശരിയായ വസ്ത്രം ധരിക്കാത്തതിനും മറ്റ് കാരണങ്ങൾക്കും ശിക്ഷിക്കപ്പെട്ടവരാണെന്ന് പറയുന്നു.
വസ്ത്രധാരണ നിയമലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ താലിബാൻ അധികൃതർ പ്രാദേശികവും അന്തർദേശീയവുമായ മാധ്യമങ്ങളോട് ആവശ്യപ്പെടാറുണ്ട്.അതുകൊണ്ട് തന്നെ യഥാർഥ വിവരങ്ങൾ പുറത്തു വരാറില്ല.
താലിബാൻ്റെ ‘പരമോന്നത നേതാവ്’മുല്ല ഹൈബത്തുള്ള അഖുന്ദ്‌സാദ
എന്നാൽ,താലിബാൻ ഭരണകൂടം സുതാര്യമായ വിവരങ്ങൾ നൽകാൻ തയ്യാറാകാത്തതുകൊണ്ട് കൃത്യമായ കണക്കുകൾ ഒന്നും തന്നെ ലഭ്യമല്ല. മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, മൊത്തത്തിലുള്ള ചിത്രം അറിയാൻ ഒരു വഴിയുമില്ല.
പാശ്ചാത്യ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും താലിബാൻ്റെ ഈ നയങ്ങളെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളായി കാണുന്നു.എന്നാൽ ചില രാജ്യങ്ങൾ , പ്രത്യേകിച്ച് ചൈന തങ്ങളുടെ താൽപ്പര്യങ്ങൾ മുൻനിർത്തി തങ്ങൾ ഒന്നും കണ്ടില്ലെന്ന സമീപനം സ്വീകരിക്കുന്നു.ഇസ്ലാമിക ലോകത്തും ഈ വിഷയത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്.
ഐക്യരാഷ്ട്രസഭ ഈ വിഷയത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. വസ്ത്രധാരണ നിയമം ലംഘിച്ചെന്ന് ആരോപിച്ച് സ്ത്രീകളെയും പെൺകുട്ടികളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതിനെയും തടങ്കലിൽ വെക്കുന്നതിനെയും കുറിച്ച് സഭ ആശങ്ക പ്രകടിപ്പിച്ചു.
ഇത് സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും, ശാരീരിക പീഡനങ്ങളും തടങ്കലുകളും സ്ത്രീകളെയും പെൺകുട്ടികളെയും കൂടുതൽ ഒറ്റപ്പെടുത്തുമെന്നും സെക്രട്ടറി ജനറലിൻ്റെ പ്രത്യേക പ്രതിനിധി റോസ ഒതുൻബയേവ വ്യക്തമാക്കി. തടവിലാക്കിയവരെ ഉടനടി വിട്ടയക്കാൻ ഐക്യരാഷ്ട്രസഭ താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചില ഇസ്ലാമിക രാജ്യങ്ങൾ താലിബാൻ്റെ നടപടികളെ നേരിട്ട് വിമർശിക്കാൻ മടിക്കുമ്പോൾ,മറ്റ് ചില രാജ്യങ്ങൾ മിതവും എന്നാൽ വിമർശനാത്മകവുമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്.സൗദി അറേബ്യ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങൾ ശക്തമായ വിമർശനം ഉന്നയിക്കാൻ പലപ്പോഴും മടിക്കുന്നു.
ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. താലിബാനോട് കൂടുതൽ മിതമായ സമീപനം സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.എന്നാൽ, വസ്ത്രധാരണ നിയമത്തെക്കുറിച്ച് ചിലപ്പോൾ നേരിട്ടുള്ള വിമർശനങ്ങൾ അവർ ഒഴിവാക്കുന്നു.
ലോകമെമ്പാടുമുള്ള നിരവധി ഇസ്ലാമിക പണ്ഡിതന്മാരും സംഘടനകളും ഈ നിയമങ്ങൾ ഇസ്ലാമിക തത്വങ്ങളുമായി യോജിക്കുന്നതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ലാം സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും താലിബാൻ അതൊന്നും വകവെയ്ക്കുന്നില്ല.