കൊച്ചി: ഇത്തവണ കേരള സാഹിത്യ അക്കാദമി പ്രഖ്യാപിച്ച 16 അവാർഡുകളിൽ 11 എണ്ണവും അയച്ചു കൊടുക്കാത്ത കൃതികൾക്കാണ് നൽകിയതെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍ പറഞ്ഞു.
ഈ പുസ്തകങ്ങളിൽ സി പി എം സംസ്ഥാന സെക്രട്ടേറിയേററ് അംഗം സ്വരാജിൻ്റെ പുസ്തകവും ഉൾപ്പെട്ടതായി അദ്ദേഹം ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
തനിക്ക് ലഭിച്ച അവാര്‍ഡ് സ്വരാജ് നിരസിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയാവുകയും ചിലര്‍ അയച്ചുകൊടുക്കാതെ അവാര്‍ഡ് കിട്ടുമോ എന്ന തരത്തില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.
അബൂബക്കറുടെ പോസ്റ്റ് ഇങ്ങനെ:
2024ലെ കേരളസാഹിത്യ അക്കാദമി അവാർഡുകളാണ് 2025 ജൂൺ 26ന് പ്രസിഡന്റ് കെ സച്ചിദാനന്ദൻ മാഷ് പ്രഖ്യാപിച്ചത്. പ്രഖ്യാപിക്കപ്പെട്ട 16 അവാർഡുകളിൽ 11 എണ്ണം അവാർഡിനായി പുസ്തകം അയച്ചുതരാത്തവർക്കാണ്.
നാടകം-പിത്തളശലഭം-ശശിധരൻനടുവിൽ.
കവിത-മുരിങ്ങ,വാഴ,കറിവേപ്പ്-അനിതമ്പി
സാഹിത്യവിമർശനം-രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ-ജി.ദിലീപൻ
ജീവചരിത്രം/ആത്മകഥ-ഞാൻ എന്ന ഭാവം ഡോ.കെ രാജശേഖരൻനായർ
വൈജ്ഞാനികസാഹിത്യം-നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയജീവിതം-പി.ദീപക്ക്
വിവർത്തനം-എന്റെ രാജ്യം എന്റെശരീരം-ചിഞ്ചുപ്രകാശ്
യാത്രാവിവരണം-ആരോഹണം ഹിമാലയം-കെ.ആർ.അജയൻ
സി.ബി.കുമാർ എൻഡോവ്മെന്റ്-ഉപന്യാസം-പൂക്കളുടെപുസ്തകം-എം.സ്വരാജ്
ജി.എൻ.പിള്ള എൻഡോവ്മെന്റ്-വൈജ്ഞാനികസാഹിത്യം-കഥാപ്രസംഗംകലയുംസമൂഹവും-സൗമ്യ.കെ.സി
ആരുടെ രാമൻ? ടിഎസ്ശ്യാംകുമാർ
കുറ്റിപ്പുഴ അവാഡ്-ഡോ.എസ്.എസ്.ശ്രീകുമാർ
2023ൽ കവിതയ്ക്ക് അവാഡ് ലഭിച്ച കൽപ്പറ്റനാരായണൻ, ആത്മകഥയ്ക്ക് അവാഡ് ലഭിച്ച കെ വേണു, വൈജ്ഞാനികസാഹിത്യത്തിന് അവാഡ് ലഭിച്ച ബി രാജീവൻ എന്നിവരും അവാർഡിനായി പുസ്തകം അയച്ചിരുന്നില്ല.
————
ഒരു വിധത്തിലുള്ള പുരസ്‌കാരങ്ങളും സ്വീകരിക്കില്ലെന്നത് വളരെ മുമ്പു തന്നെയുള്ള നിലപാടാണെന്ന് സ്വരാജ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.
എന്നാൽ പുസ്തകം എഴുത്തുകാരനോ മറ്റാരെങ്കിലുമോ അയച്ചുകൊടുക്കാതെ അവാര്‍ഡ് കിട്ടുമോ എന്ന സംശയവുമായി നിരവധിപ്പേരാണ് രംഗത്തെത്തിയത്.
വിമര്‍ശനവുമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സ് താര ടോജോ, അക്കാദമി അവാര്‍ഡുകള്‍ ലഭിക്കുന്നതിൻ്റെ നദണ്ഡങ്ങള്‍ പറഞ്ഞ ശേഷം ആരെങ്കിലും പുസ്തകം അവാര്‍ഡിന് പരിഗണിക്കണമെന്ന് ആവശ്യപ്പെടണമെന്നും വ്യക്തമാക്കുന്നുണ്ട്.
താര ടോജോവിൻ്റെ ഫേസ് ബുക്ക് ഇങ്ങിനെ:
”കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ ഇവയാണ്..
അപേക്ഷ സമര്‍പ്പിക്കല്‍: നിര്‍ദ്ദിഷ്ട സമയപരിധിക്ക് മുമ്പ് നിങ്ങളുടെ അപേക്ഷ, ആവശ്യമായ രേഖകള്‍ക്കൊപ്പം സമര്‍പ്പിക്കണം.
സൂക്ഷ്മപരിശോധനാ സമിതി: യോഗ്യതയും പൂര്‍ണ്ണതയും ഉറപ്പാക്കാന്‍ ഒരു സൂക്ഷ്മപരിശോധനാ സമിതി അപേക്ഷകള്‍ അവലോകനം ചെയ്യും.
ജൂറി തിരഞ്ഞെടുപ്പ്: പ്രശസ്ത സാഹിത്യ വിദഗ്ധര്‍ അടങ്ങുന്ന ഒരു ജൂറി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകള്‍ വിലയിരുത്തും.
അവാര്‍ഡ് പ്രഖ്യാപനം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കും, അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.
അതായത് ഒരു കൃതി/പുസ്തകം, കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് പരിഗണിക്കണമെങ്കില്‍ ആദ്യം ആരെങ്കിലും അപേക്ഷ നല്‍കണം. ശ്രീ എം സ്വരാജിൻ്റെ ‘പൂക്കളുടെ പുസ്തകം’എന്ന പുസ്തകം അവാര്‍ഡിന് പരിഗണിക്കണമെന്നു അപേക്ഷ നല്‍കിയത് ഒന്നെങ്കില്‍ എം സ്വരാജ് ആയിരിക്കാം അല്ലെങ്കില്‍ പുസ്തകം പബ്ലിഷ് ചെയ്ത സ്ഥാപനമായിരിക്കാം അതുമല്ലെങ്കില്‍ മറ്റേതെങ്കിലും അഭ്യുദയകാംക്ഷിയായിരിക്കാം.
ഇനി ഒരു വാദത്തിനു വേണ്ടി, പുസ്തകം പബ്ലിഷ് ചെയ്തവരോ അല്ലെങ്കില്‍ അഭ്യുദയകാംക്ഷിയോയാണ് അവാര്‍ഡിന് അപേക്ഷിച്ചത് എന്ന് കരുതിയാല്‍ തന്നെ, എഴുത്തുകാരന്റെ അറിവോ സമ്മതമോ കൂടാതെ അവര്‍ അപേക്ഷ നല്‍കുമോ?
അവാര്‍ഡിന് അര്‍ഹമായ പുസ്തകം തിരഞ്ഞെടുത്തതിന് ശേഷം അവാര്‍ഡ് കമ്മിറ്റി പുസ്തക രചയിതാവിനെയോ പബ്ലിഷറെയോ അഭ്യുദയകാംക്ഷിയെയൊ ഈ വിവരം ആദ്യം തന്നെ അറിയിക്കാതിരിക്കുമോ?
ഇത് തെക്കേടത്തമ്മ / വടക്കേടത്തമ്മ പുരസ്‌കാരം അല്ലല്ലോ. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അല്ലേ? അവാര്‍ഡ് വാങ്ങുന്നതും നിഷേധിക്കുന്നതുമൊക്കെ സ്വരാജിന്റെ വ്യക്തിപരമായ തീരുമാനമാണ്. പക്ഷേ ‘അയ്യോ…ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണ’ എന്ന് സത്യാനന്തര കൊണ മാത്രം അടിക്കരുത്. നാടകമേ ഉലകം.”-താര ടോജോ അലക്‌സ് വിശദീകരിച്ചു.
ഇത്തരം രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നതിനിടയിലാണ് കൃതി അവാര്‍ഡിന് തെരെഞ്ഞെടുത്തത് തങ്ങള്‍ നേരിട്ടാണെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി തന്നെ വെളിപ്പെടുത്തിയത്.