ഡോ ജോസ് ജോസഫ് .
2014-ലെ ടമാർ പഠാർ ഇറങ്ങി ഒരു ദശാബ്ദത്തിനു ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൗലി. ഈച്ചയും യുവാവും തമ്മിലുള്ള അപൂർവ്വമായ ആത്മബന്ധത്തിൻ്റെ കഥയാണ് ലൗലിയിലൂടെ ദിലീഷ് പറയുന്നത്.
2012 ൽ പുറത്തിറങ്ങിയ എസ് എസ് രാജമൗലി ചിത്രം, ‘ഈഗ’യിലും കേന്ദ്ര കഥാപാത്രം ഈച്ചയായിരുന്നു. ഈഗ പ്രണയവും ചതിയും പ്രതികാരവും പറഞ്ഞ സിനിമയായിരുന്നുവെങ്കിൽ ലൗലി ഹൈബ്രിഡ് ത്രീ ഡി ഫോർമാറ്റിൽ തയ്യാറാക്കിയ ഫീൽ ഗുഡ് ഫാമിലി മൂവിയാണ്.
ചിത്രത്തിലെ നായികയാണ് ലൗലി എന്ന ഈച്ച. ചിത്രം തുടങ്ങി മുക്കാൽ മണിക്കൂറോളം കഴിയുമ്പോഴാണ് ത്രീ ഡി ഇഫക്ടിൽ ഈച്ച പറന്നെത്തുന്നത്. കുട്ടികളെയാണ് ലൗലി ലക്ഷ്യമിടുന്നതെങ്കിലും പൂർണ്ണമായും കുട്ടികൾക്കു വേണ്ടിയുള്ള ചിത്രമല്ലിത്. രണ്ട് മണിക്കൂറിൽ താഴെയാണ് ദൈർഘ്യം.
നിങ്ങൾ മറ്റൊരാളുടെ സ്വപ്നത്തിലേക്ക് കടന്നു കയറുകയാണ് എന്ന മുന്നറിയിപ്പോടെയാണ് ചിത്രത്തിൻ്റെ തുടക്കം. തൊടുപുഴക്കടുത്താണ് ബോണി ബേബി (മാത്യു തോമസ് ) എന്ന യുവാവിൻ്റെ താമസം. റംബുട്ടാൻ തോട്ടങ്ങളിൽ യന്ത്രമുപയോഗിച്ച് പുല്ലു വെട്ടാൻ പോകുന്ന ബോണിക്ക് കാനഡയിലേക്ക് പറക്കണമെന്നാണ് മോഹം.
അതിനു വേണ്ടിയുള്ള ശ്രമത്തിലുമാണ്.അപ്പൻ മരിച്ച ഒഴിവിൽ ആശ്രിത നിയമനം എന്ന സാധ്യതയും ബോണിയ്ക്കു മുമ്പിൽ തുറന്നു കിടപ്പുണ്ട്. അമ്മയും (ഗംഗ മീര ) ബന്ധുക്കളും കാർ, വീട്, ലോൺ, ക്രെഡിറ്റ് കാർഡ് തുടങ്ങിയ പ്രലോഭനങ്ങളുമായി സർക്കാർ ജോലിയിൽ കയറാൻ ബോണിയെ നിർബ്ബന്ധിക്കുന്നു. ആദ്യം സർക്കാർ ജോലി ,പിന്നെ വിദേശത്തേക്ക് പറക്കാം എന്നായിരുന്നു കുടുംബത്തിൻ്റെ തീരുമാനം.
കെ എസ് ഇ ബി യിൽ ലോവർ ഡിവിഷൻ ക്ലർക്കായി ബോണി ജോലിയിൽ പ്രവേശിക്കുന്നു യൂണിയൻ നേതാവ് കൂടിയായ ഷൈനാണ് (പ്രശാന്ത് മുരളി ) ബോബിയുടെ വഴികാട്ടി .ജോലിയിൽ കയറിയ അടുത്ത ദിവസം തന്നെ നല്ലവനും സാധുവുമായ ബോണി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ കുടുങ്ങുന്നു. യുഎഫ് ഒ വനിതാ നേതാവായ ഗ്രേസ് (അശ്വതി മനോഹരൻ ) ആയിരുന്നു പരാതിക്കാരി. ഐ പി സി 354 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മജിസ്ട്രേറ്റ് (മനോജ് കെ ജയൻ) രണ്ടാഴ്ചത്തേക്ക് ബോണിയെ റിമാൻഡ് ചെയ്യുന്നു
മുട്ടം വെസ്റ്റ് സബ് ജയിലിൽ എത്തുന്ന ബോണിക്ക് കൂട്ടുകാരിയായി ലൗലി എന്ന ഈച്ച പറന്നെത്തുന്നു.മലയാളവും ഇംഗ്ലീഷും തമിഴുമെല്ലാം സംസാരിക്കുന്ന, ബഹുഭാഷാ പണ്ഡിതയായ ലൗലിക്ക് ജയിലിനുള്ളിലെ എല്ലാക്കാര്യങ്ങളും അറിയാം. ലൗലിയുടെ സംസാരം ബോണിക്ക് മാത്രമേ കേൾക്കാനാവുകയുള്ളു.
ഇരുവരും തമ്മിലുള്ള വൈബ് വികസിക്കുന്നതിനിടെ അപ്രതീക്ഷിതമായി ബോണി ജയിൽ മോചിതനാകുന്നു. ‘സ്വാതന്ത്ര്യം ആർക്കു വേണം’ എന്ന ചോദ്യത്തോടെയാണ് ബോണി പുറത്തേക്ക് കടക്കുന്നത്. ലൗലിയുമായുള്ള പുന:സമാഗമത്തിനുള്ള ബോണിയുടെ ശ്രമങ്ങളാണ് പിന്നീട് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. ജയിലിൽ മടങ്ങിയെത്താൻ പരാതിക്കാരിയായ ഗ്രേസിനെ മാനഭംഗപ്പെടുത്താൻ വരെ ബോണി ആലോചിക്കുന്നത് തീർത്തും വിശ്വസനീയമല്ല.
പുതു തലമുറയും പഴയ തലമുറയും തമ്മിലുള്ള അന്തരവും ബോണിയുടെയും മജിസ്ട്രേറ്റിൻ്റെയും കുടുംബാന്തരീക്ഷങ്ങളുമെല്ലാം ഇതിനിടയിൽ സംവിധായകൻ പ്രേക്ഷക ശ്രദ്ധയിലേക്കു കൊണ്ടുവരുന്നുണ്ട്. ഗുണ്ടാ സൈമൺ(ബാബുരാജ് ), ബോംബെ ഷിബു ( ശ്രീജിത് രവി ) തുടങ്ങിയ കാലഹരണപ്പെട്ട ഗുണ്ടാ കഥകളും ഇടയ്ക്ക് കയറി വരുന്നു.
അരാപൈമ മത്സ്യവും റംബുട്ടാനും ഉൾപ്പെടെയുള്ള പ്രതീകങ്ങളും കാണിക്കുന്നുണ്ട്. ഉപകഥകൾ തൃപ്തികരമായി ബന്ധിപ്പിക്കാനോ ആഴത്തിലേക്ക് പോകാനോ സംവിധായകന് കഴിഞ്ഞിട്ടില്ല. തിരക്കഥ തീർത്തും പാളി.ന്യൂ ജെൻ ഒഴിവുകാല ആഘോഷമെന്നാൽ സ്ഥിരം പുകവലിയും മദ്യപാനവുമാണെന്ന ധാരണയും സംവിധായകൻ ശരിവെയ്ക്കുന്നുണ്ട്. കുട്ടികളുടെ കൂടി ചിത്രമായി ലൗലിയെ അണിയിച്ചൊരുക്കുന്നതിനിടയിൽ നിർണ്ണായകമായി ‘കോണ്ടം സംഭവം ‘ കൊണ്ടു വന്നത് അസ്ഥാനത്തായി.
ആഴമില്ലാത്ത തിരക്കഥയുടെ പൊരുത്തക്കേടുകൾ കഥാതന്തുവുമായി സംവേദിക്കുന്നതിൽ നിന്ന് പ്രേക്ഷകരെ തടയുന്നു. ഈച്ചയൊഴികെ കഥയിലെ മറ്റ് വിഷയങ്ങൾക്കൊന്നും പുതുമയില്ല.എന്നാൽ ബോണിയും ലൗലിയും തമ്മിലുള്ള രംഗങ്ങളിലെ വിഎഫ്‌എക്‌സും സിജിഐയും കഥാതന്തുവിനെ സുഗമമായി കൊണ്ടു പോകുന്നുണ്ട്.ലൗലിക്ക് ശിവാംഗി കൃഷ്ണകുമാർ നൽകിയ ശബ്ദം ആകർഷകമാണ്.ലൗലിയുടെ പിന്നിൽ നേരിട്ടു കാണാനാവാതെ ഉണ്ണിമായ പ്രസാദിൻ്റെ സാന്നിധ്യവുമുണ്ട്.
ബോണിയായുള്ള മാത്യു തോമസിൻ്റെ പ്രകടനത്തിൽ സ്വാഭാവികതയില്ല. കൃത്രിമത്വം നിഴലിച്ചു നിൽക്കുന്നു. കഥയുടെ ലൊക്കേഷൻ തൊടുപുഴയാണെങ്കിലും ബോണിയുടെയും കൂട്ടുകാരുടെയും സംസാരം കൊച്ചി സ്ളാങ്ങിലാണ്.വീട്ടിലെ സാഹചര്യമനുസരിച്ച് മൂഡ് മാറുന്ന മജിസ്ട്രേറ്റിനെ മനോജ് കെ ജയൻ ഭംഗിയായി അവതരിപ്പിച്ചു.പ്രശാന്ത് മുരളി, അശ്വതി മനോഹരൻ, ഗംഗാ മീര, കെ പി എ സി ലീല ,ബാബുരാജ്, അരുൺ പ്രദീപ്, ജയശങ്കർ, ജോയ്മോൻ ജ്യോതിർ തുടങ്ങിയവരും വേഷങ്ങൾ ഭംഗിയാക്കി.
സുഹൈൽ കോയ എഴുതിയ ഗാനങ്ങൾ മംഗ്ലീഷിലാണ്. ചിത്രത്തിന് ഒട്ടേറെ പാളിച്ചകൾ ഉണ്ടെങ്കിലും ആഷിഖ് അബുവിൻ്റെ ക്യാമറ മികച്ചതാണ്.സിജിഐ ഡയറക്ടർ അനീഷ് കുട്ടിയുടെ സിജിഐ ഡയറക്ഷനും കിരൺ ദാസിന്റെ എഡിറ്റിംഗും ദൃശ്യങ്ങളുടെ നിലവാരം ഉയർത്തി.വിഷ്ണു വിജയിന്റേയും ബിജിബാലിന്റേയും സംഗീതവും മികച്ചതാണ്.വെസ്റ്റേണ്‍ഘട്ട്സ് പ്രൊഡക്ഷന്‍സിന്റേയും നേനി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും ബാനറില്‍ ഡോ. അമര്‍ രാമചന്ദ്രനും ശരണ്യയുമാണ് ലൗലി നിര്‍മിച്ചിരിക്കുന്നത്.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)