കൊച്ചി: പുലിപ്പല്ല് കൈവശം വച്ച കേസില്‍ റാപ്പര്‍ വേടനെന്ന ഹിരണ്‍ ദാസ് മുരളിക്ക് എതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് പെരുമ്പാവൂര്‍ സിജെഎം കോടതി. കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല. വേടന്റെ മാലയിലെ പുലിപ്പല്ല് യഥാര്‍ത്ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലാണ്. റാപ്പര്‍ വേടന്‍ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ലെന്നും ഉത്തരവില്‍ പറയുന്നു.
അതേ സമയം റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് വനംവകുപ്പ്. പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. വേടന് പുലിപ്പല്ല് സമ്മാനിച്ചെന്ന് പറയപ്പെടുന്ന തമിഴ്‌നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനാണ് വനംവകുപ്പിന്റെ ശ്രമം.
അന്വേഷണവുമായി സഹകരിക്കാമെന്നും രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താന്‍ താനും അന്വേഷണ സംഘത്തിനൊപ്പം ചെല്ലാമെന്നും വേടന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തിരുന്നു. വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം.
എന്നാല്‍ രാജ്യം വിട്ട് പോകില്ലെന്ന് വേടന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെ കോടതി വേടന് ജാമ്യം അനുവദിക്കുകയായിരുന്നു.
തിങ്കളാഴ്ചയാണ് വേടനെ ആറ് ഗ്രാം കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. വേടനൊപ്പമുണ്ടായിരുന്ന ഒന്‍പത് പേരെയും അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കഴുത്തില്‍ ധരിച്ചിരുന്ന മാലയിലെ പുലിപ്പല്ല് ലോക്കറ്റുമായി ബന്ധപ്പെട്ട് വനംവകുപ്പ് വേടനെതിരെ കേസെടുത്തു.
ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പുകളായിരുന്നു വേടനെതിരെ വനംവകുപ്പ് ചുമത്തിയത്.തൊട്ടുപിന്നാലെ വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിനിടെ, വേടന് എതിരായ നടപടിയിൽ ജനരോഷം ഉയർന്ന സാഹചര്യത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വനം മന്ത്രി എ കെ ശശീന്ദ്രനും വേടൻ്റെ സംഗീത പാടവത്തെ പുകഴ്ത്തി രംഗത്തു വന്നിട്ടുണ്ട്. വേടൻ്റെ രാഷ്ടീയം പ്രോൽസാഹിക്കപെടേണ്ടതാണ് എന്നാണ് അവരുടെ അഭിപ്രായം. ഈ കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ അനാവശ്യ തിടുക്കം കാണിച്ചുവെന്നും, അമിതമായ പ്രചരണം നൽകിയെന്നും മന്ത്രി കുററപ്പെടുത്തി. അവർക്ക് എതിരെ നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ഒപ്പം നിന്ന മന്ത്രി മലക്കം മറിയുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥന്മാർ ആരോപിക്കുന്നത്.