ന്യൂഡൽഹി : ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് പാകിസ്ഥാന് ഇന്ത്യ കർശന മുന്നറിയിപ്പ് നൽകി.
അതേസമയം, സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക മേധാവികൾ ഹോട്ട്‌ലൈനിൽ ബന്ധപ്പെട്ടുവെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം സംഘർഷം രൂക്ഷമായതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിർത്തിക്കപ്പുറത്തുള്ള നിരവധി മേഖലകളിൽ പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് വെടിക്കുന്നുണ്ട്. സൈന്യം ഫലപ്രദമായി തിരിച്ചടി നൽകുകയും ചെയ്തു.
ജമ്മു ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള പർഗ്വാൾ സെക്ടറിൽ നിന്നും, രജൗരി ജില്ലയിലെ സുന്ദർബാനി, നൗഷേര സെക്ടറുകളിൽ നിന്നുമാണ് ഏറ്റവും പുതിയ വെടിവെപ്പുകൾ റിപ്പോർട്ട് ചെയ്തത്.
ഏപ്രിൽ 29-30 രാത്രിയിൽ, കേന്ദ്രഭരണ പ്രദേശമായ നൗഷേര, സുന്ദർബാനി, അഖ്നൂർ സെക്ടറുകൾക്ക് എതിർവശത്തുള്ള നിയന്ത്രണ രേഖയ്ക്ക് കുറുകെ പാകിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ സേന വെടിവച്ചുവെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
പഹൽഗാം ആക്രമണത്തിന് മറുപടിയായി സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിനു തൊട്ടുപിന്നാലെ ഏപ്രിൽ 24 നാണ് പാകിസ്ഥാൻ സൈന്യത്തിന്റെ വെടിനിർത്തൽ ലംഘനങ്ങൾ ആരംഭിച്ചത്.
മന്ത്രി അത്താ ഉള്ള തരാര്‍
തങ്ങൾ സൈനിക ആക്രമണം പ്രതീക്ഷിക്കുന്നുവെന്ന് പാകിസ്ഥാൻ സർക്കാർ വക്താവ് പറഞ്ഞു.6 മണിക്കൂറിനുള്ളിൽ ഇന്ത്യ ആക്രമിക്കുമെന്ന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്ന് വാർത്താവിതരണ മന്ത്രി അത്താ ഉള്ള തരാര്‍ വെളിപ്പെടുത്തി.
ഇതിനിടെ, ഭീകരാക്രമണത്തിനുള്ള തിരിച്ചടി ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെ റഷ്യ സന്ദർശനം പ്രധാനമന്ത്രി നരേന്ദ്രമോദി റദ്ദാക്കി.മെയ് 9 ന് മോസ്കോയിൽ നടക്കാനിരിക്കുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായുള്ള യാത്രയാണ് പ്രധാനമന്ത്രി റദ്ദാക്കിയത്.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയെ റഷ്യ തോല്‍പിച്ചതിന്‍റെ എണ്‍പതാം വാര്‍ഷികാഘോഷത്തിൽ നരേന്ദ്രമോദി മുഖ്യാതിഥിയായിരുന്നു. അത്രയും പ്രധാനപ്പെട്ട പരിപാടി റദ്ദാക്കിയത് അടിയന്തര സാഹചര്യമായതിനാലാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.
മോദിക്ക് പകരം പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പങ്കെടുക്കും.എന്നാൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിലടക്കം മാറ്റം വരുത്തിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടനത്തിനായി കേരളത്തിൽ പ്രധാനമന്ത്രി എത്തും. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മോദി സന്ദർശിക്കുന്നുണ്ട്.
അതേസമയം പഹൽഗാം തിരിച്ചടിക്കായി സൈന്യത്തിന് പൂര്‍ണ്ണാധികാരം നല്‍കിയതിന് പിന്നാലെ ദില്ലിയില്‍ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗങ്ങള്‍ ചേര്‍ന്നു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു നിര്‍ണ്ണായക യോഗങ്ങള്‍.
സാമ്പത്തിക, സുരക്ഷ, രാഷ്ട്രീയ കാര്യ സമിതി യോഗങ്ങളാണ് ആദ്യം നടന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ , പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. പിന്നാലെ കേന്ദ്രമന്ത്രിസഭയും യോഗം ചേര്‍ന്നു.
സിന്ധു നദി ജല കരാര്‍ മരവിപ്പിച്ച് പാകിസ്ഥാനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ സാമ്പത്തിക ഉപരോധം ശക്തമാക്കാനാണ് നീക്കം. ഇറക്കുമതിയടക്കം നിലവിലുള്ള വാണിജ്യ ബന്ധം പൂര്‍ണ്ണമായും നിര്‍ത്തിയേക്കും. പാക് വിമാനങ്ങളുടെ സഞ്ചാരം തടഞ്ഞ് ഇന്ത്യന്‍ വ്യോമപാത അടച്ചേക്കും. കപ്പല്‍ ഗതാഗതത്തിനും തടയിടാന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനെ തുറന്ന് കാട്ടാനാണ് മറ്റൊരു തീരുമാനം. ഇതിനായി എം പിമാരുടെ സംഘത്തെ അറബ് രാജ്യങ്ങളിലേക്കയച്ച് സാഹചര്യം വിശദീകരിക്കും.
മന്ത്രിസഭ യോഗത്തിന് ശേഷം വിവിധ മന്ത്രാലയ സെക്രട്ടറിമാരുമായും മോദി കൂടിക്കാഴ്ച നടത്തി. തിരിച്ചടിക്കാന്‍ സാഹചര്യവും, സമയവും തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതോടെ വിശദമായ പദ്ധതി സൈന്യം പ്രധാനമന്ത്രിക്ക് നല്‍കും. പ്രധാനമന്ത്രിയുടെ അനുമതിയോടെയാകും പദ്ധതി നടപ്പാക്കുക.
ഇതിനിടെ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്‍റെ ആവശ്യം പരിഗണനയിലുണ്ടെന്നും, സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ വ്യക്തമാക്കി