December 13, 2024 11:34 am

മനുഷ്യനാദ്യം ജനിച്ച വീട്

സതീഷ് കുമാര്‍ വിശാഖപട്ടണം

കാട് … കറുത്ത കാട് …
മനുഷ്യനാദ്യം ജനിച്ച വീട് ….
അതെ …
മനുഷ്യവംശത്തിന്റെ ജനിതകരേഖകള്‍ തേടി പോയാല്‍ നമ്മളെത്തുക കൊടും കാട്ടിലായിരിക്കും…
ആഫ്രിക്കന്‍ കാടുകളില്‍ നിന്നായിരുന്നുവല്ലോ മനുഷ്യന്‍ നാഗരികതയിലേക്കുള്ള പടവുകള്‍ കയറി തുടങ്ങിയത്…

വയലാറിന്റെ ദാര്‍ശനിക സ്വഭാവമുള്ള ഈ വരികള്‍ ഉദയായുടെ ‘ നീലപൊന്മാന്‍ ‘ എന്ന ചിത്രത്തില്‍ നിന്നായിരുന്നു …
പ്രേംനസീര്‍ എന്ന നടന്‍ തന്റെ പതിവ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു റഷ്യന്‍ ശാസ്ത്രജ്ഞനായാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്.
എപ്പോഴും വ്യത്യസ്ത വിഷയങ്ങള്‍ അഭ്രപാളികളില്‍ എത്തിക്കാറുള്ള ഉദയായ്ക്കുവേണ്ടി ശാരംഗപാണി കഥയും തിരക്കഥയും എഴുതിയ
‘ നീലപ്പൊന്മാന്‍ ‘ കുഞ്ചാക്കോ സംവിധാനം ചെയ്തു…

ഉദയായുടെ ഒട്ടുമിക്ക ചിത്രങ്ങളിലും ഗാനങ്ങള്‍ എഴുതിയിരുന്നത് വയലാറും സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത് ദേവരാജന്‍ മാസ്റ്ററുമായിരുന്നു. എന്നാല്‍ കുഞ്ചാക്കോയും ദേവരാജന്‍ മാസ്റ്ററും തമ്മിലുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് നീലപ്പൊന്മാനിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത് ചെമ്മീനിലൂടെ മലയാളത്തിലെത്തിയ സലില്‍ ചൗധരിയാണ് …

സലില്‍ ചൗധരിയുടെ ആദ്യ ഉദയാ ചിത്രവും നീലപ്പൊന്മാന്‍ തന്നെ. എം ടി യുടെ നിര്‍മ്മാല്യത്തിലൂടെ മലയാള സിനിമയിലെത്തിയ സുമിത്രയെന്ന മറുനാടന്‍ മലയാളി പെണ്‍കുട്ടിയായിരുന്നു നീലപ്പൊന്മാനില്‍ പ്രേംനസീറിന്റെ നായിക. കുന്നംകുളത്ത് വേരുകളുള്ള സുമിത്ര പഠിച്ചതും വളര്‍ന്നതുമെല്ലാം ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തായിരുന്നു…

https://www.youtube.com/watch?v=A7djsYjm0Wg

‘കിലു ..കിലും … കിളിമരത്തോണി …. (ജാനകി ) ‘കണ്ണില്‍ മീനാടും പെരിയാര്‍ തടാകമേ …. (ജാനകി , വസന്ത ) ‘തെയ്യം തെയ്യം താരെ… (ജയചന്ദ്രന്‍ ,സുശീല )
‘പൂമാനപ്പൂങ്കുഴലി പൂപ്പുലരി… (ജാനകി ) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ …..
1975 ആഗസ്റ്റ് 1 ന് പുറത്തിറങ്ങിയ നീല പൊന്മാന് ഇന്ന് 48 വയസ്സ് പൂര്‍ത്തിയാവുകയാണ്…
‘കാട് കറുത്ത കാട് ‘ എന്ന വയലാറിന്റെ തത്വചിന്താപരമായ ഒരൊറ്റ ഗാനത്തിലൂടെ ‘നീലപ്പൊന്മാന്‍ ‘ എന്ന ചിത്രം ഇന്നും പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നു.


(സതീഷ് കുമാര്‍ വിശാഖപട്ടണം
പാട്ടോര്‍മ്മകള്‍ @ 365 )


Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News