December 12, 2024 8:23 pm

അഗ്‌നിപര്‍വ്വതം പുകഞ്ഞു

സതീഷ് കുമാര്‍ വിശാഖപട്ടണം

മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ ജോസഫ് നിര്‍മ്മിച്ച് കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍ ‘ എന്ന ചിത്രത്തിന് മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്…

അഭിനയ സാമ്രാട്ടായിരുന്ന സത്യന്റെ അവസാന ചിത്രവും പില്‍ക്കാലത്ത് മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ മമ്മൂട്ടിയുടെ ആദ്യസിനിമയുമായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍. ആലപ്പുഴയിലെ ഒരു തൊഴിലാളി നേതാവിന്റെ യഥാര്‍ത്ഥ ജീവിതകഥയായിരുന്നു തകഴി ശിവശങ്കരപ്പിള്ള അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന നോവലിലൂടെ വരച്ചുകാട്ടിയത്.

താന്‍ വിശ്വസിച്ച പ്രത്യയ ശാസ്ത്രത്തിനു വേണ്ടി തൂക്കിലേറേണ്ടി വന്ന സഖാവായി സിനിമയില്‍ സത്യന്‍ നടത്തിയ പകര്‍ന്നാട്ടം സമാനതകളില്ലാത്തതായിരുന്നു. തൊഴിലാളി നേതാവായ ചെല്ലപ്പന്‍ മലയാളസിനിമയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറി.

ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഹോസ്പിറ്റലില്‍ പോയി ബ്‌ളഡ് മാറ്റിയതിനു ശേഷം സെറ്റിലെത്തി സത്യന്‍ വീണ്ടും അഭിനയിക്കുമായിരുന്നുവത്രേ! മൂക്കില്‍ നിന്നും ഒഴുകി വരുന്ന രക്തം കണ്ടിട്ട് യൂണിറ്റംഗങ്ങള്‍ പരിഭ്രാന്തരായപ്പോഴും അവരെയൊക്കെ ആശ്വസിപ്പിച്ച്
മന:സംയമനത്തോടെ തന്റെ റോള്‍ പൂര്‍ത്തിയാക്കുവാനുള്ള ആ നടന്റെ നിശ്ചയദാര്‍ഢ്യത്തേയും സമര്‍പ്പണ ബോധത്തേയും പറ്റി ജനങ്ങള്‍ കൂടുതല്‍ അറിഞ്ഞത് അദ്ദേഹത്തിന്റെ മരണശേഷമാണ്.

അനുഭവങ്ങള്‍ പാളിച്ചകള്‍ പൂര്‍ത്തിയാക്കാതെ സത്യന്‍ എന്നെന്നേക്കുമായി യാത്രയായി. ചിത്രത്തിലെ അവസാനരംഗങ്ങള്‍ മറ്റൊരു നടനെ വെച്ച് നായകന്റെ മുഖം പ്രത്യക്ഷപ്പെടാതെ ശക്തമായ പ്രതിബിംബങ്ങളിലൂടെ ചിത്രീകരിച്ചാണ് സേതുമാധവന്‍ ചിത്രം പൂര്‍ത്തീകരിച്ചത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തീയില്‍ കുരുത്ത തോപ്പില്‍ ഭാസിയായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

സത്യനെ കൂടാതെ പ്രേംനസീര്‍ , ഷീല, അടൂര്‍ ഭാസി , ബഹദൂര്‍, കെപിഎസി ലളിത എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന നടീനടന്മാര്‍.
എറണാകുളത്ത് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ അവിടെ ലോകോളജില്‍ പഠിച്ചിരുന്ന മമ്മൂട്ടി ദിവസങ്ങളോളം ഷൂട്ടിംഗ് ലൊക്കേഷനില്‍ കാത്തു കെട്ടി കിടന്ന് കെ എസ് സേതുമാധവനെ കാണുകയും അദ്ദേഹത്തിന്റെ ഔദാര്യത്തില്‍ വെറും പത്തു സെക്കന്റ് മാത്രമുള്ള ഒരു സീനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത ചരിത്രം പിന്നീട് മലയാള സിനിമയുടെ തലവര തന്നെ മാറ്റിയെഴുതുകയുണ്ടായി.

1971 ആഗസ്റ്റ് 6 – ന് ചിത്രം പുറത്തിറങ്ങി….
എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ സത്യന്റെ ശവസംസ്‌ക്കാര വിലാപയാത്ര
ഈ ചിത്രത്തോടൊപ്പമാണ് പ്രദര്‍ശിപ്പിച്ചിച്ചത് …
വയലാര്‍ ദേവരാജന്‍ ടീമായിരുന്നു ചിത്രത്തിന്റെ സംഗീതസംവിധാനം …
തകഴിയുടെ നോവലിന്റെ ആശയം ഉള്‍ക്കൊണ്ടുകൊണ്ട് വയലാര്‍ എഴുതിയ
‘സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിന്‍ ……’
എന്ന വിപ്ലവഗാനമായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ സോങ്.

‘പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ .. ‘
‘കല്യാണി കളവാണി ചൊല്ലമ്മിണി ചൊല്ല് …’
‘അഗ്‌നിപര്‍വ്വതം പുകഞ്ഞു….’
എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഹിറ്റുഗാനങ്ങള്‍ …
‘അഗ്‌നിപര്‍വ്വതം പുകഞ്ഞു
ഭൂ ചക്രവാളങ്ങള്‍ ചുവന്നു
മൃത്യുവിന്റെ ഗുഹയില്‍ പുതിയൊരു
രക്തപുഷ്പം വിടര്‍ന്നു ……’

എന്ന ഗാനം സത്യനു വേണ്ടിയാണോ വയലാര്‍ എഴുതിയതെന്ന് ഈ പാട്ടിലെ വരികള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് സംശയം തോന്നി പോകും ..
പാട്ടിന്റെ അനുപല്ലവിയും ചരണവുമെല്ലാം സത്യന്‍ എന്ന അനശ്വര നടന്റെ ജീവിതവുമായി അത്രമാത്രം ഇഴ ചേര്‍ന്നിരുന്നുവെന്നുള്ളത് ഇന്നും വിസ്മയകരം തന്നെയാണ്.

‘ കഴുകാ ഹേ കഴുകാ
കറുത്ത ചിറകുമായ് താണു പറന്നീ
കനലിനെ കൂട്ടില്‍ നിന്നെടുത്തു കൊള്ളൂ
എടുത്തുകൊള്ളൂ
നാളത്തെ പ്രഭാതത്തില്‍
ഈ കനല്‍ ഊതി ഊതി
കാലമൊരു കത്തുന്ന പന്തമാക്കും
തീപ്പന്തമാക്കും അഹാഹാ…അഹാഹാ…
(അഗ്‌നിപര്‍വതം..)

https://www.youtube.com/watch?v=AZWe4JxkGTo

ഗരുഡാ – ഗരുഡാ ഹേ ഗരുഡാ
ചുവന്ന ചിറകുമായ് താണു പറന്നീ
പവിഴത്തെ ചെപ്പില്‍ നിന്നെടുത്തു കൊള്ളൂ
എടുത്തുകൊള്ളൂ
നാളത്തെ നിശീഥത്തില്‍
ഈ മുത്തു രാകി രാകി
കാലമൊരു നക്ഷത്ര ജ്വാലയാക്കും
തീ ജ്വാലയാക്കും അഹാഹാ…അഹാഹാ…
(അഗ്‌നിപര്‍വതം)
ശരിയാണ്.
കാലമൊരു നക്ഷത്ര ജ്വാലയാക്കിയ സത്യന്റെ സ്മരണകള്‍ക്ക് പ്രണാമമര്‍പ്പിച്ചു കൊണ്ട് ഇന്ന് അന്‍പത്തിരണ്ടാം വാര്‍ഷികത്തിലേക്കു കടക്കുന്ന ‘അനുഭവങ്ങള്‍ പാളിച്ചകള്‍ ‘ എന്ന ചിത്രത്തെ ഇവിടെ അടയാളപ്പെടുത്തുന്നു ….


(സതീഷ് കുമാര്‍ വിശാഖപട്ടണം
പാട്ടോര്‍മ്മകള്‍ @ 365)


Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News