സ്വപ്നങ്ങളേ വീണുറങ്ങൂ..

സതീഷ് കുമാർ വിശാഖപട്ടണം

ദാമ്പത്യജീവിതത്തിലെ തെറ്റിദ്ധാരണകളുടെ കഥകളുമായി മലയാളത്തിൽ വളരെയധികം സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്.

ഇങ്ങനെ പിരിഞ്ഞിരിക്കുന്ന ദമ്പതികളുടെ ഹൃദയദു:ഖങ്ങൾ ചലച്ചിത്രഗാനങ്ങളായി പുറത്തുവന്നപ്പോൾ പ്രേക്ഷകരും അവരുടെ ഹൃദയവേദനകൾ സഹാനുഭൂതിയോടെ ഏറ്റുവാങ്ങുകയുണ്ടായി. അത്തരമൊരു മനോഹരഗാനമായിരുന്നു

 1981 – ൽ പുറത്തിറങ്ങിയ “തകിലുകൊട്ടാമ്പുറം ” എന്ന ചിത്രത്തിൽ ബാലു കിരിയത്ത് എഴുതി ദർശൻരാമൻ സംഗീതം കൊടുത്ത് യേശുദാസ് പാടിയ “സ്വപ്നങ്ങളേ വീണുറങ്ങൂ…. മോഹങ്ങളേ ഇനിയുറങ്ങൂ…. എന്ന ദു:ഖഗാനം.

Success Kerala

 

എൺപതുകളിൽ മലയാളസിനിമയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ബാലു കിരിയത്തിന്റേത്…

കഥ , തിരക്കഥ , സംഭാഷണം , ഗാനങ്ങൾ , സംവിധാനം  ഇങ്ങനെ എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ   കൈയൊപ്പ് പതിഞ്ഞിരുന്നു.

 അമ്പതോളം ചിത്രങ്ങളിൽ ഗാനങ്ങൾ എഴുതുകയും 16 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ബാലു കിരിയത്തിനെ ഏറ്റവും പ്രശസ്തനാക്കിയത് “തകിലുകൊട്ടാമ്പുറ ” ത്തിലെ ഈ വിഖ്യാത ഗാനമാണ് .

  Swapnangale Veenurangoo... | Evergreen Malayalam Movie Song | Thakilukottaampuram | Video Song - YouTube   https://youtu.be/zAJvipYeERQ?t=24 

” സ്വപ്നങ്ങളേ വീണുറങ്ങൂ

മോഹങ്ങളേ ഇനിയുറങ്ങു

മധുരവികാരങ്ങൾ ഉണർത്താതെ

മാസ്മരലഹരിപ്പൂ വിടർത്താതെ

ഇനിയുറങ്ങൂ വീണുറങ്ങൂ…

 ജീവിതമാകുമീ വാത്മീകത്തിലെ

 മൂകവികാരങ്ങൾ വ്യർത്ഥമല്ലേ

കളിയും ചിരിയും വിടരും നാളുകൾ കദനത്തിലേക്കുള്ള യാത്രയല്ലേ

കരയരുതേ മനസ്സേ നീയിനി കനവുകൾ തേടി അലയരുതേ (സ്വപ്നങ്ങളേ …..)

ചപലവ്യാമോഹത്തിൻ

കൂരിരുൾക്കൂട്ടിൽ

 ബന്ധനം ബന്ധനം നിത്യസത്യം

ദാഹവും മോഹവും സ്വാർത്ഥമല്ലേ ഇവിടെ സ്വന്തവും ബന്ധവും മിഥ്യയല്ലേ

കരയരുതേ മനുഷ്യാ നീയിനി കനവുകൾ തേടി അലയരുതേ …

തെറ്റിദ്ധാരണയുടെ പേരിൽ അകന്നു താമസിക്കുന്ന ഭാര്യയും ഭർത്താവുമായി ഷീലയും നസീറുമാണ് തകിലുകൊട്ടാമ്പുറത്തിൽ അഭിനയിച്ചത്.

കഥാസന്ദർഭവുമായി ഇഴ ചേർന്നുകൊണ്ട് ഒരശരീരി പോലെ അവതരിപ്പിക്കപ്പെട്ട ഈ ഗാനം യേശുദാസിന്റെ ആലാപന സൗകുമാര്യത്താൽ ഇന്നും ഒരു നൊമ്പരമായി എരിഞ്ഞു നിൽക്കുന്നു.

ഒരേ സമയം ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങൾ , വിരഹത്തിന്റെ വേദനകൾ  , ചില ദു:ഖസത്യങ്ങൾ , സാഹചര്യങ്ങൾ ഒരുക്കുന്ന നിസ്സഹായത  തുടങ്ങി മനുഷ്യ ജീവിതാനുഭവങ്ങളുടെ ഒരു നേർക്കാഴ്ചയാണ് ബാലു ഈ ഗാനത്തിലൂടെ വരച്ചുകാട്ടിയത്.

 1954 നവംബർ 29 – ന് ജനിച്ച ബാലു കിരിയത്തിന്റെ ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ ഒരു ഗാനത്തിലൂടെ ഓർമ്മിക്കാൻ കഴിയുന്നതാണല്ലോ ഏറ്റവും വലിയ പിറന്നാൾ  ആശംസ ….

——————————————————————–

( സതീഷ് കുമാർ:  9030758774 )

——————————————————————–