പിന്നണി ഗാനത്തിന് 75 വയസ്സ് …

സതീഷ് കുമാർ 
വിശാഖപട്ടണം

മലയാള സിനിമയിലെ പിന്നണിഗാനസമ്പ്രദായം പ്ലാറ്റിനം ജൂബിലിയുടെ നിറവിലൂടെ കടന്നുപോവുകയാണ് …
75 വർഷങ്ങൾക്ക് മുൻപ് , കൃത്യമായി പറഞ്ഞാൽ 1948 – ലാണ് മലയാളത്തിൽ ആദ്യമായി പിന്നണിഗാനസമ്പ്രദായം നിലവിൽ വരുന്നത്.

1938 – ൽ പുറത്തിറങ്ങിയ ” ബാലൻ ” എന്ന ആദ്യ ചിത്രത്തിലും 41 -ൽ പുറത്തിറങ്ങിയ “ജ്ഞാനാംബിക ” എന്ന ചിത്രത്തിലും അതേവർഷം തന്നെ തിയേറ്ററുകളിൽ എത്തിയ “പ്രഹ്ലാദ ” എന്ന ചിത്രത്തിലും
നായികാനായകന്മാരായിരുന്നു പാട്ടുകൾ പാടിയിരുന്നത്.

1941 – ന് ശേഷം കുറെ വർഷങ്ങൾ മലയാളത്തിൽ സിനിമകളൊന്നും നിർമ്മിക്കപ്പെട്ടില്ല .
ഈ കാലയളവിൽ തമിഴ് സിനിമകളാണ് കൂടുതലായും കേരളത്തിൽ പ്രദർശനത്തിന് എത്തിയിരുന്നതും മലയാളികൾ കണ്ട് ആസ്വദിച്ചിരുന്നതും …

Nirmala (1948 film) - Wikipedia

ഏഴു വർഷങ്ങൾക്കു ശേഷം 1948 -ൽ നാടകരംഗത്ത് പ്രശസ്തനായിരുന്ന ആർട്ടിസ്റ്റ് ചെറിയാൻ മലയാളത്തിൽ വീണ്ടും ഒരു സിനിമ നിർമ്മിക്കാൻ മുന്നോട്ടുവരുന്നു …

കേരള ടാക്കീസിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച “നിർമ്മല ” സംവിധാനം ചെയ്തത്
പി വി കൃഷ്ണയ്യർ ആയിരുന്നു .

എം എസ് ജേക്കബ് എന്ന ഒരാളായിരുന്നു നിർമ്മലയുടെ കഥാകൃത്ത് .ഹാസ്യസാഹിത്യകാരനായിരുന്ന
പുത്തേഴത്ത് രാമൻ മേനോൻ സംഭാഷണം എഴുതി.

നിർമ്മാതാവിന്റെ മകനായ ജോസഫ് ചെറിയാൻ ആയിരുന്നു ചിത്രത്തിലെ നായകൻ .
നായികയായി അഭിനയിക്കാൻ പലരേയും അന്വേഷിച്ചെങ്കിലും സംവിധായകന് ആരെയും ബോധിച്ചില്ല.

അവസാനം ചെറിയാന്റെ മകൾ ബേബി തന്നെ ചിത്രത്തിൽ നായികയായി അഭിനയിച്ചു.
ഇന്ത്യൻ സിനിമയിൽ ആദ്യമായി സഹോദരനും സഹോദരിയും നായികാനായകന്മാരായി അഭിനയിക്കുന്നത് “നിർമ്മല ” എന്ന ചിത്രത്തിലാണ്.

പിൽക്കാലത്ത് മലയാളത്തിലെ ആദ്യ ജ്ഞാനപീഠ ജേതാവായ മഹാകവി ജി ശങ്കരക്കുറുപ്പ് നിർമ്മലയ്ക്കു വേണ്ടി ഗാനങ്ങൾ എഴുതുകയുണ്ടായി…

നിര്‍മലയുടെ 75-ാം വാര്‍ഷികം; സിനിമയും പ്രിന്റും വിസ്മൃതിയിൽ: ഒാര്‍മകളിലൂടെ വീണ്ടെടുപ്പ് | nirmala film | manorama news | malayalam film | nirmala | kochi | Kerala News | News from ...

അദ്ദേഹം എഴുതിയ 12 ഗാനങ്ങൾക്ക് പി എസ് ദിവാകറും ഇ ഐ വാര്യരും സംഗീതം പകർന്നു .കൊച്ചിയിൽ അക്കാലത്ത് അറിയപ്പെട്ടിരുന്ന സംഗീതജ്ഞൻ ടി കെ ഗോവിന്ദറാവു ചിത്രത്തിലെ നായകന് വേണ്ടി ആദ്യമായി പിന്നണി പാടി …

മലയാളസിനിമയിൽ ഒരു പുതിയ ചരിത്രത്തിന് തുടക്കം കുറിച്ചത് ഈ ഗാനാലാപനമാണ്. “ശുഭലീല ….” എന്ന് തുടങ്ങുന്ന ഗാനത്തിന് പി എസ് ദിവാകർ സംഗീത സംവിധാനം നിർവഹിച്ചു. തൃപ്പൂണിത്തുറ സ്വദേശിനിയായ സരോജിനി മേനോൻ “കരുണാകരാ പീതാംബരാ ….” എന്ന ഗാനം പാടിക്കൊണ്ട് മലയാളത്തിലെ ആദ്യത്തെ പിന്നണി ഗായികയുമായി .

“നിർമ്മല ” എന്ന ചിത്രം മലയാളത്തിന് മറ്റൊരു വലിയ സൗഭാഗ്യവും കൊണ്ടു തന്നു.മലയാളത്തിന്റെ പൂങ്കുയിൽ എന്നറിയപ്പെട്ട പ്രശസ്ത ഗായിക പി ലീലയുടെ ആദ്യ ഗാനാലാപനവും നിർമ്മലയിലൂടെയാണ് അരങ്ങേറിയത് .

“കേരളമേ ലോകനന്ദനം ….”എന്ന ജി ശങ്കരക്കുറുപ്പ് രചിച്ച ഗാനം പാടിക്കൊണ്ട് സിനിമയിൽ എത്തിയ പി ലീല പിന്നീട് മലയാളത്തിലെ പ്രശസ്ത ഗായികയാവുകയും,മികച്ച ഗായികയ്ക്കുള്ള ആദ്യ കേരളസംസ്ഥാന പുരസ്ക്കാരം നേടുകയും അതോടൊപ്പം വിവിധ ഭാഷകളിലായി ആയിരത്തിലധികം പാട്ടുകൾ പാടുകയും ചെയ്തു.

“പാടുക പൂങ്കുയിലേ….
( ടി കെ ഗോവിന്ദറാവു , പി ലീല )

“നീരിലെ കുമിള പോലെ ജീവിതം ….” ടി കെ ഗോവിന്ദറാവു )

“ഇവളോ നിർമ്മല …. ( ടി കെ ഗോവിന്ദറാവു)

“അറബിക്കടലിലെ കൊച്ചു റാണി
(ടി കെ ഗോവിന്ദറാവു)

“ദൈവമേ പാലയ ….. (പി ലീല )

“പച്ചരത്നത്തളികയിൽ മെച്ചമേറും
പല പൂക്കൾ … (പി കെ രാഘവൻ )

“ഏട്ടൻ വരുന്ന ദിനമേ ….
(വിമല ബി വർമ്മ)

“വാഴുക സുരുചിരം …..
(വിമല ബി വർമ്മ)

എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ …

മലയാളത്തിലെ ആദ്യത്തെ പിന്നണി ഗായകരായ ടി കെ ഗോവിന്ദറാവുവും സരോജിനി മേനോനും പിന്നീട്
മറ്റു ചലച്ചിത്രങ്ങളിലൊന്നും പാടുകയുണ്ടായില്ല.

തുടക്കം 'നിർമല'യിൽ; മലയാള സിനിമയിൽ പാട്ട് പിൻപതിഞ്ഞ ഏഴു പതിറ്റാണ്ടുകൾ | Malayalam Music History | Malayalam Movies Palyback Singing 70 Years | Nirmala Movie | Nostalgia | Old Malayalam Songs ...

പിന്നണി ഗാനസമ്പ്രദായത്തിന് തുടക്കം കുറിച്ച ” നിർമ്മല ” എന്ന ചലച്ചിത്രം നിർമ്മാതാവായ ആർട്ടിസ്റ്റ് ചെറിയാന് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവെച്ചു .പിന്നീട് അദ്ദേഹം ഒറ്റ ചിത്രം പോലും നിർമ്മിക്കുകയുണ്ടായില്ല.

ചലച്ചിത്ര സംഗീതരംഗത്ത് ഇന്ന് കോടികളുടെ വ്യാപാരമാണ് നടക്കുന്നത് …. പിന്നണി ഗാനസമ്പ്രദായത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ നിസ്വാർത്ഥരും ത്യാഗമതികളുമായ ഈ ചലച്ചിത്ര പ്രതിഭകളെ ആരും ഓർക്കുന്നുപോലുമില്ല എന്നുള്ളതാണ് ഏറെ ഖേദകരം….

———————————————————

( സതീഷ് കുമാർ  വിശാഖപട്ടണം  9030758774)