എസ്എഫ്ഐ നേതാവിന് വെട്ടേറ്റ കേസില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പി.എ. അബ്ദുല്‍ നാസറിന് വെട്ടേറ്റ സംഭവത്തില്‍ എട്ടാംപ്രതി എന്‍വയോണ്‍മെന്റല്‍ കെമിസ്ട്രി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും കെ.എസ്.യു പ്രവര്‍ത്തകനുമായ മുഹമ്മദ് ഇജ്‌ലാല്‍ അറസ്റ്റില്‍. ബുധനാഴ്ച കോളേജിലെ അറബിക് അധ്യാപകന്‍ ഡോ. കെ.എം. നിസാമുദ്ദീനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരേ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്കുനയിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

എം.ജി. സര്‍വകലാശാലാ നാടകോത്സവത്തിന്റെ ഭാഗമായി കാമ്പസിനകത്ത് നാടക പരിശീലനമുണ്ടായിരുന്നു. ഇതിന്റെ ചുമതലക്കാരനായ നാസര്‍ പരിശീലനത്തിനുശേഷം ഇറങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന യൂണിറ്റ് കമ്മിറ്റിയംഗം ബി.എ. ഫിലോസഫി രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഇ.വി. അശ്വതിക്കും കൈക്ക് പരിക്കേറ്റു. പ്രതികള്‍ക്കെതിരേ വധശ്രമം, നിയമവിരുദ്ധ കൂട്ടംകൂടല്‍, കലാപശ്രമം, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങി ഒന്‍പതു വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രതികളെല്ലാം കെ.എസ്.യു.-ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ. ആരോപിച്ചു.

ബുധനാഴ്ച കോളേജിലെ അറബിക് അധ്യാപകന്‍ ഡോ. കെ.എം. നിസാമുദ്ദീനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെതിരേ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്കുനയിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

ബുധനാഴ്ച രാത്രി 11.20-ഓടെയാണ് സംഘര്‍ഷമെന്ന് പോലീസ് പറഞ്ഞു. മഹാരാജാസ് കോളേജിലെ സെന്റര്‍ സര്‍ക്കിളില്‍വെച്ച് പ്രതികള്‍ നാസറിനെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കൈയില്‍ കരുതിയ കത്തികളുപയോഗിച്ച് വെട്ടുകയുമായിരുന്നു. നാസറിന്റെ കഴുത്തിനുനേരേ ഒന്നാംപ്രതി കത്തിവീശിയത് കൈകൊണ്ട് തടുത്തില്ലായിരുന്നെങ്കില്‍ മരണംവരെ സംഭവിക്കാമായിരുന്നുവെന്ന് പോലീസ് പറയുന്നു.