December 12, 2024 7:36 pm

പരിശോധിക്കാൻ എല്ലാ രേഖയും തരാമെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: തനിക്കെതിരായ നികുതിവെട്ടിപ്പും ബിനാമി സ്വത്ത്
സമ്പാദനവും ആരോപണമായി ഉന്നയിച്ച സി.പി.എമ്മിനെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. വിജിലൻസോ, ഇ ഡി യോ സി പി എമ്മോ അന്വേഷിച്ചോട്ടെ. ഒരു വിരോധവുമില്ല.

സത്യസന്ധതയും വിശ്വാസ്യതയും കണക്ക് പരിശോധിക്കാന്‍ കഴിയുകയും ചെയ്യുന്ന
ഒരാളെ സി.പി.എം. കമ്മിഷനായിവെച്ചാല്‍ അവര്‍ക്കുമുന്നില്‍ തന്റെ സ്ഥാപനത്തിന്റെ എല്ലാരേഖകളും എത്തിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

മുൻ ധനമന്ത്രി തോമസ് ഐസക്കിനെപ്പോലെ ഒരാളെയാണ് അത്തരത്തില്‍ താന്‍ ഇതിനായി നിര്‍ദേശിക്കുന്നത്. ആരോപണത്തിൻ്റെ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ വിവരങ്ങള്‍ പുറത്തുവിടാനും അദ്ദേഹം വെല്ലുവിളിച്ചു.

‘ഞങ്ങളുടെ കമ്പനിയുടെ എല്ലാ വിവരങ്ങളും പുറത്തുവിടാന്‍ തയ്യാറാണ്. തര്‍ക്കം തുടങ്ങിയത് വീണാ വിജയനുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണല്ലോ. എക്‌സാലോജിക്കിന്റെ 2016 മുതലുള്ള നികുതി അടച്ച രേഖകളും പുറത്തുവിടാന്‍ വീണാ വിജയന്‍ തയ്യാറുണ്ടോ? അവരെ ഏറ്റെടുത്ത സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറുണ്ടോ?

ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്ത 100 അഭിഭാഷകരുടെ വിവരങ്ങള്‍ തരാം. എക്‌സാലോജിക്കില്‍ ജോലി ചെയ്ത അതിന്റെ പകുതി, 50 പേരുടെ പേര് നിങ്ങള്‍ക്ക് പുറത്തുവിടാന്‍ കഴിയുമോ? ഞങ്ങള്‍ രണ്ടുപേരും ആരോപണത്തിന്റെ നിഴലിലായ നിലയ്ക്ക് വ്യക്തതവരുത്താന്‍ അവരും തയ്യാറാവുമെന്നാണ് കരുതുന്നത് – മാത്യു കുഴൽ നാടൻ പറഞ്ഞു.

‘സി.പി.എമ്മിന്റെ ആരോപണം വളരേ ഗൗരവമുള്ളതാണ്. തന്റെ അഭിഭാഷക സ്ഥാപനത്തിലെ പാര്‍ട്ണര്‍മാരുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന തരത്തിലാണ് ആരോപണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കന്മാര്‍ക്ക് അധ്വാനത്തിന്റേയും വിയര്‍പ്പിന്റേയും വിലയറിയാത്തതുകൊണ്ടാണ് ഇതുപോലെ തോന്നിവാസം പോലെയുള്ള ആരോപണം ഉന്നയിക്കാന്‍ തയ്യാറായത്. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷിക്കണം എന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട്.

ഞങ്ങളൊക്കെ അധ്വാനിച്ച് ജീവിക്കുന്ന വിഭാഗത്തില്‍പ്പെട്ടതാണ്. വരുമാനത്തിന് തൊഴില്‍ രാഷ്ട്രീയം സേവനം അതാകണം പുതിയ കാലഘട്ടത്തിലെ യുവജന രാഷ്ട്രീയപ്രവര്‍ത്തകന്റെ സമീപനം. അത് ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ച വ്യക്തിയാണ് താനെന്ന് ആത്മാര്‍ഥതയോടെയും അഭിമാനത്തോടെയും പറയാന്‍ കഴിയും. ഞാന്‍ പറഞ്ഞ മുദ്രാവാക്യത്തോടും ആശയത്തോടും ചേര്‍ന്ന് നിന്ന് ജീവിക്കുക എന്നത് ഒട്ടും എളുപ്പവും അനായാസം ചെയ്യാന്‍ കഴിയുന്നതുമല്ല’, അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിഭാഷകന്റെ കരിയര്‍ എങ്ങനെയാണെന്ന് കുറഞ്ഞപക്ഷം എല്‍.എല്‍.ബി. പഠിച്ച് പ്രാക്ടീസ് ചെയ്യുന്ന എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ചവരോടെങ്കിലും ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് ചോദിച്ചുനോക്കണം. കഴിഞ്ഞ 23 വര്‍ഷത്തെ തന്റെ കഠിനാധ്വാനമാണ് ഇന്ന് ഒരു അഭിഭാഷക സ്ഥാപനത്തിന്റെ ഭാഗമായിരുന്ന് ചെയ്യുന്നത്.

ഒരുപക്ഷേ, അദ്ദേഹമെന്നെ അറിയുന്നതും കാണുന്നതും കേള്‍ക്കുന്നതും പത്തുവര്‍ഷക്കാലമായിട്ടായിരിക്കും. രക്തം ചിന്തിയാലും വിയര്‍പ്പ് ഒഴുക്കില്ല എന്നതാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ രീതി. തനിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ ഉണ്ടായിരുന്നവരോടക്കം ചോദിക്കുകയാണ്, നിങ്ങള്‍ ജീവിതത്തില്‍ എന്ത് അധ്വാനം നടത്തിയിട്ടാണ് ജീവിക്കുന്നത്.

‘എത്ര തവണ കോടതിയില്‍നിന്ന് ഇറങ്ങി കോട്ടുംഗൗണും കാറില്‍വെച്ച് ഖദര്‍ ഷര്‍ട്ട് എടുത്തിട്ട് പ്രസംഗിക്കാന്‍ പോയിട്ടുണ്ട്. എത്ര യോഗങ്ങളില്‍നിന്ന് പ്രസംഗിച്ച് ഇറങ്ങി ഓടിക്കിതച്ചെത്തി കാറിലെത്തി മാറി കോടതിയില്‍ കയറി വാദം പറഞ്ഞിട്ടുണ്ട്. ഒന്നരയ്ക്ക്‌ വീട്ടിലെത്തി നാലവരെ കേസ് പഠിച്ച് രണ്ടുംമൂന്നും മണിക്കൂര്‍ മാത്രം ഉറങ്ങി കോടതിയില്‍ കേസ് വാദിക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്.

കോടാനുകോടി രൂപ സര്‍ക്കാരിന് ടാക്‌സ് കൊടുത്തതിന്റെ എല്ലാ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് കൈമാറാം. കള്ളപ്പണം വെളുപ്പിക്കലാണെന്ന് ആരെങ്കിലും വന്ന് പറഞ്ഞിട്ടുപോകാന്‍ എളുപ്പമാണ്. അവര്‍ക്ക് ഒരുദിവസം ആരോപണം പറയാന്‍ മൈക്കിനുമുന്നില്‍ ഇരുന്നാല്‍ മതി. പക്ഷേ, ഇത് എത്ര ദശാബ്ദകാലത്തെ കഠിനാധ്വാനമാണെന്ന് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മനസിലാകില്ല. തൊഴിലാളികളുടെ അധ്വാനത്തിന്റെ വിയര്‍പ്പുപറ്റുന്നവരാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാര്‍’, അദ്ദേഹം പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News