ഗണപതി വിവാദം: ഗോവിന്ദൻ തിരുത്തി; മലക്കം മറിഞ്ഞു

തിരുവനന്തപുരം: ഹൈന്ദവരുടെ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല. അല്ലാഹു ഇസ്ലാം വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ പ്രമാണത്തിൻ്റെ ഭാഗമല്ലേ. ഗണപതിയും അങ്ങനെ തന്നെ. പിന്നെ അത് മിത്താണെന്ന് എങ്ങനെ പറയാൻ സാധിക്കും. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. നിയമസഭാ സ്പീക്കർ എ.എം. ഷംസീറും പറഞ്ഞില്ല. – മലക്കം മറിഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ.

പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചത്. മറിച്ചുള്ളതൊക്കെ കള്ളപ്രചാരണങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു.

‘ ഞാന്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചതിന്റെ തലയും വാലും വെച്ച് കള്ള പ്രചരണം നടത്തുകയാണ്. ഞാന്‍ പറഞ്ഞതിതാണ്, പരശുരാമന്‍ ഗോകര്‍ണത്തു നിന്ന് മഴുവെറിഞ്ഞ് കന്യാകുമാരി വരെ വീഴ്ത്തി. അതിന്റെ ഭാഗമായി കടലു മാറി കരയുണ്ടായി. ആ കര ബ്രാഹ്‌മണനെ ഏല്‍പ്പിച്ചു. ഇതാണ് ഞാന്‍ മിത്താണെന്ന് പറഞ്ഞത്.

വിശ്വാസികള്‍ ഗണപതിയെ വിശ്വസിക്കുന്നു അല്ലാഹുവിനെ വിശ്വസിക്കുന്നു. ആ വിശ്വാസപ്രമാണത്തിന്റെ ഭാഗമായി അവര്‍ക്ക് വിശ്വസിക്കാനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. കള്ളപ്രചാരവേലകളാണ് നടക്കുന്നത്.

ഞാന്‍ പൊന്നാനിയില്‍ നിന്നാണോ വരുന്നതെന്ന ചോദ്യത്തിന്റെ വര്‍ഗീയത എനിക്കറിയാഞ്ഞിട്ടല്ല. ഒരു വര്‍ഗീയ വാദിയുടെ ഭ്രാന്തിന് ഞാനെന്തിന് മറുപടി പറയണം. എനിക്കതിന്റെ ആവശ്യമില്ലാത്തതു കൊണ്ടാണ് അത് അവഗണിച്ചത്. അവരാഗ്രഹിക്കുന്ന ഫലം എന്തായാലും കിട്ടാന്‍ പോകുന്നില്ല.

വര്‍ഗീയവാദികള്‍ വിശ്വാസികളല്ല. അവര്‍ വിശ്വാസം ഉപകരണമായി ഉപയോഗിക്കുകയാണ്. വിശ്വാസികള്‍ സമൂഹത്തിനു മുന്നിലുണ്ട്. അവര്‍ക്കൊപ്പമാണ്‌ ഞങ്ങള്‍. കപടവിശ്വാസത്തിന്റെ പേര് പറഞ്ഞ് വര്‍ഗീയത പ്രചരിപ്പിക്കുന്നവരോടല്ല ഞങ്ങള്‍ക്ക് കൂറുള്ളത്.തിരുവനന്തപുരത്ത് എൻ എസ് എസ് നിയമം ലംഘിച്ചതിന്റെ ഭാഗമായിട്ടാണ് കേസെടുത്തത്. വിശ്വാസം നോക്കിയിട്ടല്ല. നാമജപം ആണെങ്കിലും ഇങ്കില്വാബ് സിന്ദാബാദ് ആണെങ്കിലും നിയമം ലംഘിച്ചാല്‍ കേസ് എടുക്കും’. – ഗോവിന്ദന്‍ പറഞ്ഞു

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News