ഇനി വൈദ്യുതി വാങ്ങുമ്പോൾ പൊള്ളുന്ന ചിലവ്

തിരുവനന്തപുരം : സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെ, പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് കൂടുതൽ പണം ഈടാക്കാൻ വൈദ്യുതി ബോർഡ് ഒരുങ്ങുന്നു.

വൈദ്യുതി കണക്ഷന് അടയ്‌ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയാണ് വരുത്തുക.ബോർഡിൻ്റെ 12 സേവനങ്ങള്‍ക്ക് നിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി ലഭിച്ചിട്ടുണ്ട്.

പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്ന് കമ്മീഷന്‍ മുന്‍പാകെ വൈദ്യുതി ബോര്‍ഡ് ആവശ്യം ഉന്നയിച്ചിരുന്നു. കണക്ഷനടുക്കാന്‍ വേണ്ട പോസ്റ്റിന്റെ എണ്ണവും ലൈനിന്റെ നീളവും ട്രാന്‍സ്ഫോര്‍മര്‍ സൗകര്യവും വിലയിരുത്തിയാണ് നിലവില്‍ കണക്ഷന്‍ ഫീസ് നിശ്ചയിക്കുന്നത്.

ഇതിനിടെ വൈദ്യുതി ഉപഭോഗത്തിൻ്റെ 30% മാത്രമാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത് എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.ബാക്കി പുറത്തുനിന്ന് വാങ്ങുകയാണ്. ഉപഭോക്താക്കൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

മഴക്കുറവും ജലലഭ്യതക്കുറവും ചെറുതല്ലാത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് മന്ത്രി പറയുന്നത്. തിരക്കുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറച്ചാൽ മാത്രമേ പ്രതിസന്ധിയെ മറികടക്കാൻ കഴിയൂ.