വീണയുടെ വരുമാനം: മന്ത്രി റിയാസ് മറച്ചുവെച്ചു ?

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ ഭർത്താവ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിൽ വീണയുടെ വരുമാനമായി കാണിച്ചിരിക്കുന്നത് 1.08 കോടി രൂപ മാത്രം.

ആദായ നികുതി റിട്ടേൺ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഈ വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്. 2.97 കോടിയുടെ വരുമാനം മറച്ചുവച്ചിരിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.

വീണയ്ക്കും അവരുടെ കമ്പനിയായ എക്സാലോജിക് സോല്യൂഷൻസും ജിഎസ്ടി രേഖകളനുസരിച്ച് 2017 മുതൽ 2021 വരെ വിവിധ കമ്പനികളുമായുള്ള കരാറിലൂടെ ലഭിച്ച വരുമാനം 4.05 കോടി രൂപയാണ്.സ്ഥാനാർഥിയോ ജീവിത പങ്കാളിയോ സർക്കാർ സ്ഥാപനങ്ങളുമായോ സ്വകാര്യ സ്ഥാപനങ്ങളുമായോ കരാറിലേർപ്പെട്ടിട്ടുണ്ടോ എന്ന സത്യവാങ്മൂലത്തിലെ ചോദ്യത്തിനും ‘ഇല്ല’ എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ മറുപടി.

വീണയും അവരുടെ കമ്പനിയും കൊച്ചിയിലെ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സിഎംആർഎൽ അടക്കമുള്ള കമ്പനികളുമായി കരാറിലേർപ്പെടുകയും ‘പ്രതിഫലം’ കൈപ്പറ്റുകയും ചെയ്തപ്പോഴാണ് സത്യവാങ്മൂലത്തിൽ ‘ഇല്ല’ എന്ന് ബോധിപ്പിച്ചിരിക്കുന്നത്.

ജിഎസ്ടി രേഖകൾ പ്രകാരം വീണയ്ക്ക് 2018 മുതൽ 2021 വരെ 1.55 കോടി രൂപയാണു വിറ്റുവരവ്. വീണയുടെ കമ്പനിയായ എക്സാലോജിക്കിന് 2017 മുതൽ 2021 വരെ കിട്ടിയതാകട്ടെ 2.50 കോടി രൂപയും.ഇതു രണ്ടും ചേർ‌ത്തുള്ള ആകെ വരുമാനമാണ് 4.05 കോടി രൂപ. എന്നാൽ സത്യവാങ്മൂലത്തിൽ പറയുന്ന വരുമാനം 1.08 കോടി മാത്രം.

ഒരു ഉടമ മാത്രമുള്ള കമ്പനിയുടെ (വൺ പഴ്സൻ കമ്പനി) ഒരു സാമ്പത്തിക വർഷത്തെ ആകെ വരുമാനം രണ്ടര കോടി രൂപ കവിഞ്ഞാൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കണമെന്നാണു ചട്ടം. ഇതു മറികടക്കാൻ എക്സാലോജിക്കിന്റെ വരുമാനം രണ്ടര കോടിയിലെത്തിയപ്പോൾ‌ വീണ സ്വന്തം പേരിൽ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കുകയും സിഎംആർഎല്ലുമായി ബിസിനസ് ആരംഭിക്കുകയും ചെയ്തു എന്നാണ് മനസ്സിലാവുന്നത്.