പെൻഷൻ നൽകാൻ പുതിയ പദ്ധതി പരിഗണനയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സൃഷ്ടിച്ച അനിശ്ചിതത്വം ജീവനക്കാരില്‍ വലിയ അരക്ഷിതത്വം സൃഷ്ടിച്ചിട്ടുണ്ട്. പദ്ധതി പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ തുടര്‍ പരിശോധനയ്ക്കായി മൂന്നംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം പുനഃപരിശോധിച്ച് ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.

കേന്ദ്രസര്‍ക്കാരിന് നല്‍കിയ വിഹിതം തിരികെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കുന്നതിനായി പുതിയ സ്‌കീം രൂപവത്കരിക്കും. മറ്റു സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികള്‍കൂടി പഠിച്ചായിരിക്കും സംസ്ഥാനത്ത് പുതിയ അഷ്വേര്‍ഡ് സ്‌കീം നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

പെന്‍ഷന്‍ നല്‍കാൻ വൈകുന്നത് കേന്ദ്ര സമീപനം മൂലമാണ്. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ബുദ്ധിമുട്ടിക്കുകയാണ്. കൃത്യമായി തുക നല്‍കുന്നില്ലെന്നും അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ കൂട്ടില്ല.

ഹൈക്കോടതികളും കീഴ്‌ക്കോടതികളും നവീകരിക്കാനും കൂടുതൽ സുരക്ഷ ഒരുക്കാനുമായി 3.3 കോടി. മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ ചർച്ച നടത്തിയതിന്റെ ഫലമായി കളമശ്ശേരിയിൽ ഒരു ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനും തീരുമാനമായി.

പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി. എസ് എസി, എസ് ടി വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസന പദ്ധതിക്കായി 55 കോടി രൂപയും വകയിരുത്തി.

കൈറ്റ് പദ്ധതികൾക്കായി 38.5 കോടി വകയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാകുന്നവരില്‍നിന്നും തുക സമാഹരിക്കും. ഇതിനായി പ്രത്യേക പദ്ധതി രൂപവത്കരിക്കും. ഇതിനായി അഞ്ചു കോടി മാറ്റിവെച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 486 കോടി വകയിരുത്തി. പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെയായിരിക്കും സ്കൂളുകളുടെ നവീകരണം.

കൊച്ചിൻ ക്യാൻസർ സെന്‍ററിന് 14.5 കോടി രൂപ വകയിരുത്തി. മലബാർ കാൻസർ സെന്‍ററിന് 28 കോടി. ഹോമിയോ മേഖലക്ക് 6.8 കോടിയും അനുവദിച്ചു.

പൊതുവിദ്യാഭ്യാസത്തിന് ആകെ 1032.62 കോടി വകയിരുത്തി. കൊല്ലം അഷ്ടമുടി, ആലപ്പുഴ വേമ്പനാട് ടൂറിസം പദ്ധതികളില്‍ സോളാർ ബോട്ട് വാങ്ങാൻ അഞ്ചു കോടി രൂപ നീക്കിവെയ്ക്കും.

കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ വർധിപ്പിച്ചു. 4917.92 കോടി മൂന്നുവർഷത്തിനിടെ അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാൻ 92 കോടി വകയിരുത്തി. ഇത് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിക്ക് 128.54 കോടി വകയിരുത്തി

ഐബിഎമ്മുമായി ചേര്‍ന്ന് കേരളത്തില്‍ എഐ കോണ്‍ക്ലേവ് സംഘടിപ്പിക്കും. കൊച്ചി -ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി -പാലക്കാട് റീച്ച് നിർമ്മാണത്തിന് 200 കോടി വകയിരുത്തി.

ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി വകയിരുത്തി.കൊച്ചി മറൈൻ ഡ്രൈവിൽ അന്താരാഷ്ട്ര വാണിജ്യ സമുച്ഛയം നിർമ്മിക്കാൻ 2150 കോടി നീക്കിവെച്ചു.

ലൈഫ് മിഷൻ പദ്ധതിക്ക് 2025 ൽ അഞ്ച് ലക്ഷം ഗുണഭോക്താക്കളാകും. ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ഉപയോഗിച്ച് വീട് നിർമ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. ലൈഫ് പദ്ധതിയിൽ രണ്ട് വർഷം കൊണ്ട് 10000 കോടി ചെലവഴിക്കും. ഭവന നിർമ്മാണ മേഖലയ്ക്ക് 57.62 കോടി. എം എൻ ലക്ഷം വീട് പുനർനിർമാണത്തിന് 10 കോടി. പദ്ധതികള്‍ക്ക് കേന്ദ്ര വിഹിതം ലഭിക്കുന്നില്ല.

ഉള്‍നാടൻ മത്സ്യബന്ധനത്തിന് 80 കോടിരൂപ വകയിരുത്തി. മത്സ്യഫെഡിന് മൂന്നു കോടി. നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിന് പത്തുകോടി. തീരദേശ വികസനത്തിന് പത്തുകോടി രൂപ ബജറ്റിൽ വകയിരുത്തി.

മുതിർന്ന പൗരന്മാർക്കായി കൂടുതൽ കെയർ സെന്റർ തുടങ്ങും. കേരളത്തില്‍നിന്ന് പുറത്തുനിന്നുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും ഇവിടെ പരിചരണം നല്‍കും. കെയര്‍ ഹബ്ബായി കേരളത്തെ മാറ്റിയാല്‍ അത് സമ്പത്ത് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാകും

ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മെച്ചപ്പെടുത്തും. സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പിക്കും.സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ കൊണ്ട് വരും. ഇന്ത്യയിലെ തന്നെ മെച്ചപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാകും കേരളം. കോവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയിൽ ഉണ്ടാകുന്നത് വൻ മാറ്റം.

വിഴിഞ്ഞം തുറമുഖം മെയ് മാസം തുറക്കം. വിഴിഞ്ഞം – നാവായിക്കുളം റിങ് റോഡ് സമയബന്ധിതമായി പൂർത്തിയാക്കും.അടുത്ത വര്‍ഷത്തെ കേരളീയം പരിപാടിക്ക് പത്തു കോടി അനുവദിക്കും

തിരുവനന്തപുരം മെട്രോ പദ്ധതിക്ക് കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറാഞ്ഞു. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽവെയ്ക്ക് അവഗണനയാണുണ്ടായത്. കേരളത്തിന്റെ വികസനത്തിനൊപ്പം ഓടിയെത്താൻ റെയിൽവെയ്ക്ക് സാധിക്കുന്നില്ല. അതിവേഗ റെയിൽ പദ്ധതിക്ക് ശ്രമം തുടരുന്നു. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.

kerala, budget , k n balagopal, ldf