December 12, 2024 8:21 pm

ദുരിതാശ്വാസ നിധി: കേസ് ആദ്യം മുതല്‍ വാദിക്കണമെന്ന് ലോകായുക്ത

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്ക് സഹായം അനുവദിച്ച കേസ് ആദ്യം മുതല്‍ വാദിക്കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയ കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരപരിധിയുണ്ടോ എന്ന വിഷയത്തിലായിരുന്നു ഇന്നത്തെ വാദം.

ലോകായുക്തയുടെ മൂന്നംഗ ബഞ്ചിലേക്ക് പുതിയ ആള്‍ വന്നത് കൊണ്ട് ആദ്യം മുതല്‍ വാദം വേണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരന്‍ ആര്‍ എസ് ശശികുമാറിന്റെ അഭിഭാഷകന്‍ ആദ്യം വഴങ്ങിയില്ല. വാക്ക് തര്‍ക്കത്തിനൊടുവിലാണ് പരാതിക്കാരന്റെ അഭിഭാഷകന്‍ സമ്മതിച്ചത്.

തീരുമാനം മുഖ്യമന്ത്രി ഒറ്റക്ക് എടുത്തതല്ലെന്നും മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നും ലോകായുക്ത. അത് കൊണ്ട് ഏതെങ്കിലും ഒരു വ്യക്തിക്ക് മാത്രമാണ് പങ്കെന്ന് പറയാന്‍ കഴിയില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

മന്ത്രിസഭ തീരുമാനമാണെങ്കിലും വ്യക്തിപരമായി മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്ന് പരാതിക്കാരന്‍ വാദിച്ചു. വാദത്തിനിടയില്‍ ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദും പരാതിക്കാരന്റെ അഭിഭാഷകനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.

ഭരണപരമായാണ് പണം നല്‍കി ഉത്തരവ് ഇറക്കിയതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. മന്ത്രിമാര്‍ ആരെങ്കിലും മന്ത്രിസഭ യോഗത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയോ എന്ന് പരാതിക്കാരന് അറിയുമോയെന്ന് ഹാറൂണ്‍ അല്‍ റഷീദ് ചോദിച്ചു. അത് താന്‍ അറിയേണ്ട കാര്യമില്ലെന്നായിരിന്നു പരാതിക്കാരന്റെ മറുപടി.

ഉപലോകായുക്ത ഇടക്കിടെ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ പരാതിക്കാരന്റെ അഭിഭാഷകന്‍ ജൊര്‍ജ്ജ് പൂന്തോട്ടം വാദം നിര്‍ത്തി. വാദിച്ചിട്ട് കാര്യമില്ലെന്ന് മനസിലായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലോകായുക്ത ഇടപെട്ടാണ് പരാതിക്കാരനെ അനുനയിപ്പിച്ചത്. കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News