March 18, 2025 6:03 pm

കോൺഗ്രസ് തയാർ: പാലക്കാട് രാഹുൽ; ചേലക്കരയിൽ രമ്യ

തിരുവനന്തപുരം: നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ പാലക്കാട് നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ മുൻ എം പി രമ്യ ഹരിദാസുമായിരിക്കും കോൺഗ്രസ് സ്ഥാനാർഥികൾ. പാർടിയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു.

വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.നവംബര്‍ 13 ന് ആണ് ഉപതെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേയും നിർ‌ണായകമായി. ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും പിന്തുണ രാഹുലിന് തുണയായി.

സിപിഎം സ്ഥാനാര്‍ത്ഥിയായി ചേലക്കരയിൽ യു.ആര്‍. പ്രദീപ് മത്സരത്തിനിറങ്ങാനാണ് സാധ്യത. പാലക്കാട് ബിനുമോള്‍ക്കൊപ്പം മറ്റുള്ളവരെയും സിപിഎം പരിഗണിക്കുന്നുണ്ട്.വയനാട്ടിൽ സിപിഐ സ്ഥാനാര്‍ത്ഥിയായി ആര് വരുമെന്ന ആകാംക്ഷ നിലനില്‍ക്കുന്നു.

മൂന്നു മണ്ഡലത്തിലും മൂന്നു വീതം പേരുകളാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന് നല്‍കിയിട്ടുള്ളതെന്നും വിജയ സാധ്യത കൂടുതലുള്ളവര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട് ബിജെപിയുടെ സാധ്യത പട്ടികയിൽ സി കൃഷ്ണകുമാര്‍, ശോഭ സുരേന്ദ്രൻ എന്നിവരുണ്ട്. വയനാട്ടിൽ എം ടി രമേശ്, ശോഭ സുരേന്ദ്രൻ, എ.പി അബ്ദുള്ളക്കുട്ടി എന്നിവരെയും ചേലക്കരയിൽ പ്രൊഫ. ടി എൻ സരസുവും പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News