നാട്ടുരാജാക്കാന്മാരെ ഒതുക്കിയാണ് ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചത്. സ്വാതന്ത്ര്യസമരം കഴിഞ്ഞ് രാജ്യം ജനാധിപത്യ ക്രമത്തിലേക്ക് വന്നപ്പോൾ രാഷ്ടീയക്കാർ ഭരണചക്രം തിരിക്കാൻ തുടങ്ങി. അന്നാരംഭിച്ചതാണ് കുടുംബാധിപത്യം.
കീഴ്‌വഴക്കമായി കുടുംബാധിപത്യം രാഷ്ടീയത്തിൽ കൊണ്ടുവന്നത് നെഹ്‌റു കുടുംബമാണെന്നതിൽ സംശയമില്ല. മോത്തിലാൽ നെഹ്‌റു അതിന് തുടക്കമിട്ടു. ജവർലാലിനെ കോൺഗ്രസ്സ് പ്രസിഡണ്ടാക്കാൻ അദ്ദേഹം ഗാന്ധിജിയുടെ സഹായം വരെ തേടി. ജവഹർലാൽ നെഹ്‌റുവാകട്ടെ വലിയ വിപ്ലവം പറയുകയും യാഥാസ്ഥിതികവാദം പുലർത്തുകയും ചെയ്യുന്ന ആളായിരുന്നു. നെഹ്‌റു ഭാര്യ കമലയെ പിൻഗാമിയാക്കിയ കാര്യം കോൺഗ്രസ് ചരിത്രം നോക്കിയാൽ മനസ്സിലാവും.
ലോകത്തിലെ സ്വാതന്ത്ര്യസമരങ്ങളിൽ അതുല്യ സ്ഥാനമായിരുന്നു ഇന്ത്യയിലേത് എന്നത് വസ്തുനിഷ്ഠമായി പരിശോധിച്ചാൽ മനസ്സിലാവും. സ്ത്രീകൾക്ക് വോട്ടവകാശം ഉൾപ്പെടെയുള്ള അവകാശങ്ങൾ അതിന്റെ ഭാഗമായി കൈവന്നു. മററു രാജ്യങ്ങളിൽ എത്രയോ വർഷം കഴിഞ്ഞാണ് സ്ത്രീകൾക്ക് ഇത്തരത്തിലുള്ള അവകാശങ്ങൾ ലഭിച്ചതെന്ന് ഓർക്കണം. അതെല്ലാം ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ സവിശേഷതകളായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
എന്നാൽ രാജവാഴ്ചയ്‌ക്ക സമാനമായി കുടുംബാധിപത്യം അധികാരം കയ്യാളുന്നതാണ് ഇന്നത്തെ ദയനീയമായ കാഴ്‌ച. നേതാവിനെ പുകഴ്‌ത്തിയാൽ രാഷ്ടീയത്തിൽ പിടിച്ചുനിൽക്കാൻ കഴിയുന്ന സാഹചര്യമാണ് എല്ലാം കക്ഷികളിലും. കോൺഗ്രസ്സിലാവട്ടെ, നെഹ്‌റു കുടുംബത്തിന്റെ ചുററും നിന്നാൽ അധികാരസ്ഥാനങ്ങൾ പങ്കുവെച്ച് കിട്ടും. അതിന്റെ ഏററവും വഷളായ രൂപമാണ് ഇപ്പോൾ കാണുന്നത്. അമ്മ, അല്ലെങ്കിൽ മകൻ എന്നതാണ് അധികാര കേന്ദ്രം. അവരെ ചോദ്യം ചെയ്യുന്നവരെ ഒതുക്കുന്നു. അതാണിപ്പോൾ എ ഐ സി സി സമ്മേളനം ചേരണമെന്നും തിരഞ്ഞെടുപ്പ് വേണമെന്നും ആവശ്യപ്പെട്ട് കത്തയച്ച നേതാക്കളെ അപമാനിക്കുന്നതിൽ കാണുന്നത്.
മഹാരാഷ്ട, ബിഹാർ, ഉത്തർ പ്രദേശ്, തമിഴ്‌നാട്, കർണാടക, ആന്ധ്രാ പ്രദേശ്, ജമ്മു കാശ്‌മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം മക്കൾ വാഴ്ചയാണ്. ബി ഹാറിൽ ഭർത്താവ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ ഭാര്യയെ ആസ്ഥാനം ഏൽപ്പിക്കുന്ന കാഴ്ച വരെ നമ്മൾക്ക് കാണേണ്ടി വന്നു. കേരളത്തിൽ രാജ്യസഭാംഗമായ അച്ഛൻ മരിച്ചപ്പോൾ മകൻ ആ ഒഴിവ് നികത്തി. ആ പാർട്ടിക്ക് ഒരു നിയമസഭാംഗം പോലുമില്ല എന്ന കാര്യം കൂടി ഓർക്കണം. കമ്യൂണിസ്‌ററ് പാർട്ടികളിൽ ഉന്നത നേതാക്കളുടെ മക്കൾ ഭരണത്തിൽ കയ്യിട്ടുവാരി സമ്പന്നരാവുന്നു. ഈ ആപത്ത് ഇ എം എസ് മുൻകൂട്ടി കണ്ട് ലഘുലേഖ വരെ എഴുതിയിട്ടുണ്ട് . പക്ഷെ, എന്തു കാര്യം. ആരും ഇന്നത് ഓർമ്മിക്കുന്നു പോലുമില്ല – പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി രാജൻ തന്റെ പ്രതികരണം പങ്കുവെയ്‌ക്കുന്നു.