ന്യൂഡൽഹി: പുകയില പോലെ തന്നെ ജങ്ക് ഫുഡിനെയും ഗുരുതരമായ ഭീഷണിയായി പരിഗണിക്കുന്നതിനുള്ള നീക്കം സർക്കാർ തുടങ്ങി.
സിഗരറ്റിനെ പോലെ തന്നെ സമൂസയും, ജിലേബിയും ശശീരത്തിന് ഹാനികരമാണെന്ന് മുന്നറിയിപ്പ് വന്നേക്കാം.രാജ്യത്ത് വർദ്ധിച്ചുവരുന്ന പൊണ്ണത്തടിയെക്കുറിച്ച് ആരോഗ്യ മന്ത്രാലയം തയറാക്കിയ ഒരു രേഖയിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിൻ്റെയും പഞ്ചസാരയുടെയും അളവ് വ്യക്തമായി എഴുതിയ ‘ഓയിൽ ആൻഡ് ഷുഗർ ബോർഡുകൾ’ സ്ഥാപിക്കാൻ നാഗ്പൂരിലെ എയിംസ് ഉൾപ്പെടെ രാജ്യത്തുടനീളമുള്ള എല്ലാ കേന്ദ്ര സ്ഥാപനങ്ങളോടും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
ചായയ്‌ക്കൊപ്പം ബിസ്‌ക്കറ്റോ സമൂസയോ ജിലേബിയോ കഴിച്ചാൽ സർക്കാർ മുന്നറിയിപ്പ് നൽകുന്ന ദിവസം വിദൂരമല്ല. ഇതിനെല്ലാം പിന്നിൽ ഒരു മുന്നറിയിപ്പ് സൂചന ഉണ്ടാകും.ജനങ്ങൾ, അവരുടെ സംസ്കാരത്തിൻ്റെ ഭാഗമായി കരുതുന്ന ഭക്ഷ്യവസ്തുക്കളിൽ എത്രമാത്രം കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്ന് അറിയിക്കുന്നതിനാണിത്.
നാഗ്പൂരിലെ എയിംസ് അധികൃതർ ഈ നിർദ്ദേശം സ്ഥിരീകരിച്ചു. ഇനി കഫറ്റീരിയകളിലും പൊതുസ്ഥലങ്ങളിലും ഇത്തരം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. സമൂസയും ജിലേബിയും മാത്രമല്ല, ലഡ്ഡുവും വട പാവും പക്കോഡയും പരിശോധനയ്ക്ക് വിധേയമാകുമെന്ന് കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂർ ബ്രാഞ്ച് പ്രസിഡണ്ട് ഡോ. അമർ ആംലെ പറഞ്ഞു.
രാജ്യത്ത് പൊണ്ണത്തടി നിരക്ക് വർദ്ധിച്ചുവരുന്നതിൽ ആരോഗ്യ മന്ത്രാലയം ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 2050 ആകുമ്പോഴേക്കും ഇന്ത്യയിൽ 449 ദശലക്ഷം ആളുകൾ പൊണ്ണത്തടിയുള്ളവരോ അമിതഭാരമുള്ളവരോ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
അമേരിക്കയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പേരെ പൊണ്ണത്തടി ബാധിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യയെ മാറുകയാണ്. നിലവിൽ, നഗരപ്രദേശങ്ങളിലെ മുതിർന്നവരിൽ അഞ്ചിൽ ഒരാൾക്ക് പൊണ്ണത്തടിയുണ്ട്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് എന്നിവയാണ് കുട്ടികളിൽ പൊണ്ണത്തടി വർദ്ധിക്കുന്നതിന് കാരണം.
“ഒരു ഗുലാബ് ജാമുനിൽ അഞ്ച് ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് അറിയാമെങ്കിൽ, അവർ രണ്ടുതവണ ചിന്തിക്കാൻ സാധ്യതയുണ്ട്,” പ്രമേഹ വിദഗ്ധൻ ഡോ. സുനിൽ ഗുപ്ത പറഞ്ഞു. ഭക്ഷണശീലങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾക്കെതിരായ വലിയ പ്രചാരണത്തിന്റെ ഭാഗമാണ് ഈ നീക്കം എന്ന് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും പറയുന്നു.
ഈ നീക്കം ആരംഭിക്കുന്ന ആദ്യ നഗരങ്ങളിലൊന്നായിരിക്കും നാഗ്പൂർ. ഇവിടെ ഭക്ഷണ നിരോധനം ഉണ്ടാകില്ല. പക്ഷേ എല്ലാ ആകർഷകമായ ലഘുഭക്ഷണങ്ങളിലും ‘ബുദ്ധിപൂർവ്വം കഴിക്കുക, നിങ്ങളുടെ ഭാവി ശരീരം നിങ്ങളോട് നന്ദി പറയും’ എന്നെഴുതിയ ബോർഡുകൾ സ്ഥാപിക്കും.