ബാങ്കോക്ക് : സിനിമ വിപണരംഗത്തെ മിടുമിടുക്കി എന്നറിയപ്പെടുന്ന, മുപ്പതുകാരിയായ വിലാവൻ എംസാവത്ത്, തായ്‌ലാണ്ടിലെ ബുദ്ധ സന്ന്യാസിമാരെ ലൈംഗിക ചിത്രങ്ങളിൽ കുടുക്കി 101 കോടി തട്ടിയെടുത്തു.
രാജ്യത്തെ ഒമ്പത് ബുദ്ധ മഠങ്ങളിലെ അധിപന്മാര്‍ ഉൾപ്പെട്ട ഈ ലൈംഗികാരോപണ കേസില്‍ 80,000 ചിത്രങ്ങളാണ് പോലീസ് കണ്ടെത്തിയത്. ഈ ചിത്രങ്ങളുപയോഗിച്ചാണ് വിലാവൽ തന്‍റെ ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയതെന്ന് പോലീസ് പറയുന്നു.
ഒമ്പത് മഠാധിപതികളും നിരവധി മുതിർന്ന ബുദ്ധ സന്യാസിമാരും ഉൾപ്പെട്ട ലൈംഗിക ആരോപണ കേസില്‍ വിലാവൻ എംസാവത്തിനെ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിനും ആഴ്ചകൾക്ക് മുമ്പ് തന്നെ തായ്‍ലൻഡില്‍ ബുദ്ധ സന്യാസിമാര്‍ക്ക് നേരെയുള്ള ലൈംഗിക വിവാദത്തിന് തുടക്കം കുറിച്ചിരുന്നു. ഇതിനിടെ ബാങ്കോക്കിലെ പ്രശസ്തമായ വാട്ട് ട്രൈ തോത്സതേപ് ആശ്രമത്തിലെ മഠാധിപതി പെട്ടെന്ന് സന്യാസം ഉപേക്ഷിച്ചു. പിന്നാലെ ഇദ്ദേഹത്തെ കാണാതായി. ഇത് സംശയങ്ങൾക്ക് ബലം നല്‍കി.
ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സന്യാസം ഉപേക്ഷിച്ച മഠാധിപതിയോട് താന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയെന്നും വിവരം പുറത്ത് പറയാതിരിക്കാന്‍ പണം വേണമെന്നും വിലാവല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞ് ഒളിവില്‍ പോയതെന്ന് പോലീസ് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രാജ്യത്തെ നടുക്കിയ ലൈംഗികാരോപണം ഉയരുന്നത്. വിലാവൽ, ‘മിസ് ഗോൾഫ്’ എന്നാണ് ഇവര്‍ക്കിടയില്‍ അറിയപ്പെടുന്നതെന്നും പോലീസ് പറയുന്നു. ലൈംഗിക ആരോപണത്തോടൊപ്പം ലഹരികടത്ത് ആരോപണവും ഇവര്‍ക്കെതിരെ ഉയർന്നിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ, മോഷ്ടിച്ച വസ്തുക്കൾ സ്വീകരിക്കൽ എന്നീ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ബുദ്ധ സന്യാസിമാരെ ബ്ലാക്ക്മെയിൽ ചെയ്ത് ലഭിച്ചിരുന്ന പണം ഓൺലൈൻ ചൂതാട്ടത്തിനായാണ് ഇവർ ഉപയോഗിച്ചിരുന്നത്….
വിലാവലിന്‍റെ ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും ബുദ്ധ സന്യാസിമാരുൾപ്പെട്ട 80,000 ത്തോളം നഗ്നചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെത്തി. ഒപ്പം സന്യാസിമാരോട് വിലാവൽ നടത്തിയ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും ലഭിച്ചെന്നും ഈ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചാണ് വിലാവല്‍ ബ്ലാക്ക്മെയിലുൾ നടത്തിയതെന്നും പോലീസ് പറയുന്നു.
ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ബുദ്ധ സന്യാസിമാരില്‍ നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇവര്‍ ഏതാണ്ട് 101 കോടിയോളം രൂപ ഇവരുടെ അക്കൗണ്ടിലേക്ക് എത്തിച്ചു. ഒമ്പത് ബുദ്ധ മഠങ്ങളുടെ അധിപന്മാരും ബുദ്ധ ക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ട നിരവധി ബുദ്ധ സന്യാസിമാരും ഇവരുടെ ചൂഷണത്തിന് വിധേയരായി.
ലൈംഗികാരോപണം നേരിട്ട ബുദ്ധ സന്യാസിമാരെ അധികാരികൾ ആചാരവസ്ത്രം അഴിച്ചുവെപ്പിച്ച് പറഞ്ഞുവിട്ടെങ്കിലും ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ല. അതേസമയം ഓഡിറ്റിന് വിധേയമല്ലാതിരുന്ന ബുദ്ധ ക്ഷേത്രങ്ങളിലെ സ്വത്ത് വിവരങ്ങളുടെ കണക്കെടുക്കാന്‍ ഈ കേസോടു കൂടി സര്‍ക്കാര്‍ ഉത്തരവിട്ടു.
90 ശതമാനത്തോളം ബുദ്ധമതവിശ്വാസികളുള്ള തായ്‍ലന്‍ഡിൽ ഈ കേസ് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സന്യാസിമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ അനുവദിക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
രാജ്യത്ത് ഏതാണ്ട് 2,00,000 ബുദ്ധ സന്യാസിമാരുണ്ട്. 85,000 പേർ സന്യാസിമാരാവാൻ ഒരുങ്ങുന്നുമുണ്ട്.
തായ്‍ലന്‍ഡില്‍ ആദ്യമായല്ല ബുദ്ധ സന്യാസിമാരുൾപ്പെട്ട ലൈംഗിക,പണാപഹരണ കേസ് ഉയരുന്നത്. എന്നാല്‍, രാജ്യത്തെ പ്രധാനപ്പെട്ട ഒമ്പത് മഠങ്ങളിലെയും മഠാധിപതിമാരും വിലാവലിനോട് ഒരേ സമയം ബന്ധം പുലര്‍ത്തിയെന്നത് കേസിനെ അസാധാരണമായ സംഭവമായി മാററുകയായിരുന്നു.
ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സന്യാസിസമൂഹത്തിൽ നിന്ന് പുറത്താക്കപ്പെടുന്നതിനുള്ള ഗുരുതരമായ കുറ്റമായിട്ടാണ് പൊതുവെ കണക്കാക്കുന്നത്. മിക്കവാറും എല്ലാ ബുദ്ധമത സന്യാസിമാരും ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവരാണ്.
ഇത് അവരുടെ സന്യാസ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു പ്രതിജ്ഞയാണ്. ബുദ്ധമതത്തിലെ സന്യാസ നിയമങ്ങൾ അനുസരിച്ച്, ലൈംഗികബന്ധം, ലൈംഗിക ചിന്തകൾ, ആഗ്രഹങ്ങൾ എന്നിവ പൂർണ്ണമായി ഉപേക്ഷിക്കണം.
ബുദ്ധമതം ആഗ്രഹങ്ങളെയും ഭൗതികമായ ബന്ധങ്ങളെയും ഉപേക്ഷിച്ച് ആത്മീയമായ ഉണർവിലേക്ക് എത്താൻ പഠിപ്പിക്കുന്നു. ലൈംഗിക ആസക്തികൾ ഈ യാത്രയിൽ ഒരു തടസ്സമായി കണക്കാക്കപ്പെടുന്നു. ബ്രഹ്മചര്യം പാലിക്കുന്നതിലൂടെ മനസ്സിനെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ധ്യാനിക്കാനും സാധിക്കുന്നു എന്നാണ് വിശ്വാസം.
സന്യാസിമാർ സമൂഹത്തിൽ മാതൃകാപരമായ ജീവിതം നയിക്കേണ്ടവരാണ്. ബ്രഹ്മചര്യം പാലിക്കുന്നത് സന്യാസി സമൂഹത്തിൻ്റെ വിശ്വാസ്യതയും ശുദ്ധിയും നിലനിർത്താൻ സഹായിക്കുന്നുഎന്നാണ് പറയുന്നത്.
ദുരിതത്തിൻ്റെ പ്രധാന കാരണം ആഗ്രഹങ്ങളാണ് എന്ന് ബുദ്ധമതം പഠിപ്പിക്കുന്നുണ്ട്. ലൈംഗിക ആഗ്രഹങ്ങളെ നിയന്ത്രിക്കുന്നത് ഈ ആസക്തികളിൽ നിന്ന് മോചനം നേടാനുള്ള ഒരു പ്രധാന പടിയായി കണക്കാക്കപ്പെടുന്നു.
എന്നിരുന്നാലും,ചില ബുദ്ധമത വിഭാഗങ്ങളിൽ, പ്രത്യേകിച്ച് ജപ്പാനിലെ ചില സ്കൂളുകളിലും ടിബറ്റൻ ബുദ്ധമതത്തിലെ ചില ലാമമാർക്കിടയിലും സന്യാസിമാർക്ക് വിവാഹം കഴിക്കാനും കുടുംബം നയിക്കാനും അനുവാദമുണ്ട്.
എന്നാൽ മിക്കവാറും എല്ലാ പ്രധാന ബുദ്ധമത പാരമ്പര്യങ്ങളിലും, പ്രത്യേകിച്ച് തേരവാദ ബുദ്ധമതത്തിൽ സന്യാസിമാർ കർശനമായി ബ്രഹ്മചര്യം പാലിക്കണം. തായ്‌ലൻഡ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ഈ വിഭാഗം വളരെ പ്രബലമാണ്.