പരിഭാഷയുടെ പുകിലും കുമ്മനടിയുടെ ജാള്യവും

ക്ഷത്രിയൻ.  

പ്രസംഗം പരിഭാഷപ്പെടുത്തുക എന്നത് പ്രത്യേക കഴിവാണ്. പദാനുപദം എന്ന് തോന്നുംവിധം പരിഭാഷപ്പെടുത്തുന്നവർ, പ്രസംഗകൻ പറഞ്ഞതിനെക്കാളും കൂട്ടിപ്പറയുന്നവർ തുടങ്ങി പ്രസംഗം ഒരു വഴിക്കും പരിഭാഷ മറ്റൊരുവഴിക്കും എന്ന നിലയിൽ എത്തിക്കുന്നവർ വരെയുണ്ട് പരിഭാഷകരിൽ.

വിഴിഞ്ഞത് നരേന്ദ്ര മോദിയുടെ പ്രസംഗത്തിൻ്റെ പരിഭാഷ ഇടയ്ക്കൊന്ന് പാളി. മോദി പറഞ്ഞ അലയൻസിനെ പരിഭാഷകൻ എയർലൈൻസാക്കിയതോടെ പ്രധാനമന്ത്രിജിയുടെ ലക്ഷ്യം വിമാനം കയറിയങ്ങ് പോയി.

വലിയൊരു രാഷ്ട്രീയ വിസ്ഫോടനമായിരുന്നു മോദി ലക്ഷ്യമിട്ടത്. പരിഭാഷകന് നാക്കുപ്പിഴ വന്നതോടെ സംഗതി ഏശിയില്ലെന്ന് ആദ്യം മനസിലായത് മോദിക്ക് തന്നെ. സൈക്കിളിൽനിന്ന് വീണവൻ്റെ ചിരിയുമായി ദുരവസ്ഥ മറികടക്കാൻ പക്ഷെ മോദി മറന്നില്ല. തിരിയേണ്ടവർക്ക് കാര്യം തിരിഞ്ഞിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മോദിതന്നെ ചമ്മലങ്ങ് മാറ്റി.

പരിഭാഷ തെറ്റിയാലുള്ള ആദ്യപഴി ഉച്ചഭാഷിണിക്കാണെന്നതാണ് ലോകതത്വം. വിഴിഞ്ഞത്തും അത് മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നാണ് അവിടുത്തെ പരിഭാഷകനും പറയുന്നത്. ഉച്ചഭാഷിണി ചതിച്ചത് കൊണ്ടുള്ള പരിഭാഷാവിപ്ലവം അദ്യം കേൾക്കുന്നത് വിഴിഞ്ഞത്ത് മാത്രമല്ല. ഇതിന് മുൻപ് പരിഭാഷക ജോലി ചെയ്ത കെ.സുരേന്ദ്രനും പരിഭാഷയിലെ പൊരുത്തക്കേടിന് ശബ്ദയന്ത്ര ക്രമീകരണത്തെ പഴിപറഞ്ഞ് രക്ഷപ്പെട്ടിട്ടുണ്ട്.

കോൺഗ്രസിലുമുണ്ട് സമാന സംഭവം. രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ സാക്ഷാൽ പി.ജെ.കുര്യനാണ് കഥാനായകൻ. രാഹുൽ വടക്കോട്ടും കുര്യൻ തെക്കോട്ടും എന്നതായിരുന്നു പ്രസംഗത്തിൻ്റെയും  പരിഭാഷയുടെയും ഗതി. രാജീവ് ഗാന്ധിയുടെ മകനെന്ന നിലയിൽ രാഹുലിന് സ്കൂൾ പാഠങ്ങളൊക്കെ പറഞ്ഞുകൊടുത്ത് ഗുരുസ്ഥാനീയനാണ് കുര്യൻജി.

എന്നുവച്ചാൽ കൊച്ചുനാൾ തൊട്ടുള്ള രാഹുലിൻ്റെ ഉച്ചാരണരീതിയൊക്കെ ഹൃദിസ്ഥമുള്ളയാളാണ് കുര്യനെന്ന് ചുരുക്കം. എന്നിട്ടും രാഹുൽ പറയുന്നതൊന്നും കുര്യന് മനസിലാകാതെ പോയി എന്നതായിരുന്നു ആ പരിഭാഷയുടെ അന്തിമഫലം.

വിഴിഞ്ഞത്ത് മോദി എഴുതിക്കൊടുത്ത പ്രസംഗം പരിഭാഷപ്പെടുത്താനാണ് പള്ളിപ്പുറം ജയകുമാർ എന്ന മോദി ഭക്തൻ നിയോഗിക്കപ്പെട്ടത്. അതങ്ങനെ അനർഗളം നിർഗളിക്കുന്നതിനിടയിലാണ് മോദി വഴിമാറിയത്. കുറിപ്പിൽ ഇല്ലാത്ത രണ്ടുവരി രാഷ്ട്രീയമങ്ങ് കൂട്ടിച്ചേർത്തു. എഴുതിപ്പഠിച്ചത് പരിഭാഷപ്പെടുത്തുന്ന ആരായാലും എഴുതിനൽകാത്തത് കേൾക്കുമ്പോൾ അമ്പരന്ന് പോകും.

പണ്ടൊരു തിരഞ്ഞെടുപ്പ് കാലം. മഞ്ചേരി മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥി ഇബ്രാഹിം സുലൈമാൻ സേട്ട്.  മറുപക്ഷത്ത് അഖിലേന്ത്യാ ലീഗിലെ അഡ്വ.ബി.എം.ഹുസൈനാണ് സ്ഥാനാർഥി. ഇംഗ്ലീഷിൽ പ്രസംഗിക്കുന്ന സേട്ടിന് പരിഭാഷകരായി അബ്ദുസ്സമദ് സമദാനി തൊട്ട് ഒട്ടേറേ പേർ.സേട്ടിൻ്റെ പ്രസംഗവും പരിഭാഷയും മഞ്ചേരിയിൽ ഓളം തീർക്കുന്നു.

മലയാളിയാണെങ്കിലും ഹുസൈനും പ്രസംഗം ഇംഗ്ലീഷിൽ തന്നെയാക്കി. ഇ.ടി.മുഹമ്മദ് ബഷീറായിരുന്നു പ്രധാന പരിഭാഷകൻ. ഇ.ടി.ഇല്ലാത്തൊരു ദിവസം കോഴിക്കോട്ട് നിന്നുള്ള ഒരു നേതാവ് പരിഭാഷാ ചുമതല ഏറ്റെടുത്തു. പ്രസംഗവും പരിഭാഷയും സ്ഥാനാർഥി ആദ്യമേ പരിഭാഷകന് പറഞ്ഞുകൊടുക്കും. അതനുസരിച്ച് കാര്യങ്ങൾ സുഗമം.

I put three questions എന്ന് ഇംഗ്ലീഷിൽ കേട്ടാൽ ഞാൻ മൂന്ന് ചോദ്യങ്ങൾ ഉന്നയിക്കുകയാണെന്ന് പരിഭാഷകൻ പറയും. തുടർന്ന് പ്രസംഗകൻ ഓരോ കാര്യങ്ങൾ വിശദീകരിക്കും. വഴിക്കുവഴിയായി പരിഭാഷകനും അത് പറയും. ഒരിടത്ത് മൂന്ന് കാര്യങ്ങൾ വിശദീകരിച്ച ശേഷം പ്രസംഗകൻ I put one more question എന്നും മൊഴിഞ്ഞ് നാലാമതൊരു കാര്യം കൂടി പറഞ്ഞു. മൂന്ന് ചോദ്യങ്ങൾ മാത്രം പരിചയിച്ച പരിഭാഷകൻ വെട്ടിലായി.

നാലാമത്തേത് പറയാൻ ആളെ വേറെ നോക്കണമെന്നും പറഞ്ഞ് കക്ഷി വേദിവിട്ടിറങ്ങിയത്രെ. സംഭവിച്ചതാണെങ്കിലും ഇല്ലെങ്കിലും എഴുതിപ്പഠിപ്പിച്ച പ്രസംഗം വ്യതിചലിച്ചാൽ സ്വാഭാവികമായും ഉണ്ടാകാവുന്ന അവസ്ഥയാണെന്ന് വിശ്വസിക്കുകതന്നെ.

പേരുകേട്ട പരിഭാഷകർ മലയാളത്തിൽ ഒത്തിരിയുണ്ടായിട്ടുണ്ട്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ പരിഭാഷകനായിരുന്നു ചൊവ്വര പരമേശ്വരൻ, ഇന്ദിരാഗാന്ധിയുടെ പരിഭാഷകരായിരുന്ന എ.സി.ജോസ്, സി.എം.സ്റ്റീഫൻ തുടങ്ങിയവരൊക്കെ അക്കൂട്ടത്തിൽപ്പെടും.

മഹാത്മാഗാന്ധിയുടെ പരിഭാഷയിലൂടെ കീർത്തി നേടിയ പരിഭാഷകനാണ് കേരള നിയമസഭാ സ്പീക്കറായിരിക്കെ അന്തരിച്ച കെ.എം.സീതി സാഹിബ്. വൈക്കം സത്യഗ്രഹ സന്ദർശന വേളയിൽ മഹാത്മാഗാന്ധി നടത്തിയ പ്രസംഗത്തിന് സീതി സാഹിബിൻ്റെ പരിഭാഷ ഇന്നും 100മേനിയോടെ തിളങ്ങുന്നുണ്ട്.

മഹാത്മാഗാന്ധി പ്രസംഗത്തിൽ ഉദ്ധരിച്ച സാമുവൽ ടെയ്‌ലർ കോൾറിജിൻ്റെ കവിതയിലെ water water everywhere, Nor any drop to drink’ എന്നതിന് വെള്ളം വെള്ളം സർവത്ര, തുള്ളി കുടിപ്പാനില്ലത്രെ എന്ന് തൽസമയ വിവർത്തനം നൽകിയത് സീതി സാഹിബാണ്. A to Z എന്നതിന് അ മുതൽ ക്ഷ വരെ എന്ന് വിവർത്തനം നൽകിയും അത്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം.

പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ച് സി പി എം നേതാവ് ബൃന്ദാ കാരാട്ട് ഇംഗ്ലീഷിൽ ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള വാചകം പറഞ്ഞപ്പോൾ ‘പത്മജ പോയി’ എന്ന് ഒറ്റവാക്കിൽ പരിഭാഷപ്പെടുത്തിയ വിവർത്തകനുമുണ്ട് മലയാളത്തിൽ.

ജി.എം ബനാത്തുവാലയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തിയ ഒരാളെക്കുറിച്ചൊരു കഥയുണ്ട്. ബനാത്തുവാലയുടെ ഓരോവാചകത്തിൻ്റെയും പരിഭാഷയ്ക്കൊടുവിൽ പരിഭാഷകൻ്റെ വക ഒരു വാചകമുണ്ടാകുമത്രെ. ഉദാഹരണത്തിന് This is India എന്നാണ് ബനാത്തുവാല പറഞ്ഞതെങ്കിൽ ‘ഇത് ഇന്ത്യയാണെന്നാണ് ബനാത്തുവാല പറയുന്നത്’ എന്ന് പരിഭാഷകൻ കൂട്ടിച്ചേർക്കും.

ഓരോ വാചകത്തിന് പിന്നിലും ഈ കൂട്ടിച്ചേർക്കലിൻ്റെ സാംഗത്യത്തെക്കുറിച്ച് വ്യക്തമായ നിലപാടുമുണ്ടായിരുന്നു ആ പരിഭാഷകന്. യോഗം നടക്കുന്ന വഴിയിലൂടെ വാഹനത്തിൽ കടന്നുപോകുന്ന ഒരാൾ എൻ്റെ പരിഭാഷ മാത്രമാണ് കേൾക്കുന്നതെങ്കിൽ അത് എൻ്റെതാകുമെന്ന് തെറ്റിദ്ധരിച്ചേക്കാം. ആ വാചകത്തിനുടമ ബനാത്തുവാലയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് തൻ്റെ ലക്ഷ്യം.

വിവർത്തനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട വിഴിഞ്ഞം വേദിയിൽ അതിനും മുമ്പ് ശ്രദ്ധ നേടാനായി കാവിപ്പാർട്ടിയുടെ പുതു അവതാരം നടത്തിയ നാടകം അശ്ലീലമായെന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാകില്ല. പുത്തനച്ചി പുരപ്പുറം അടിക്കുമെന്നത് എത്ര ശരി.

അല്ലെങ്കിൽ തന്നെ സംഗതി കുമ്മനടിയാണ്. കൊച്ചി മെട്രൊയിൽ പ്രധാനമന്ത്രി മോദിയോടൊപ്പം  സാക്ഷാൽ കുമ്മനം വലിഞ്ഞു കയറി എന്നാണെങ്കിൽ വിഴിഞ്ഞത്ത് പുത്തനച്ചി പറഞ്ഞുകയറിയെന്ന് കരുതിയാൽ മതി. വലിഞ്ഞുകയറിയാലും പറഞ്ഞുകയറിയാലും മനസിനുള്ളിൽ ജാള്യം തിളക്കുമെന്നുണ്ട്. അത് മുദ്രാവാക്യം വിളിയായാണ് പുറത്തുവരിക.

വിഴിഞ്ഞത്തെ ‘കുമ്മനടി’യിൽ കുണ്ഠിതം മുഴുവൻ മരാമത്ത് മന്ത്രിക്കാണ്. കെട്ട്യോളും കെട്ട്യോളുടെ കുട്ടിയും അമ്മായിയമ്മയുമൊക്കെ ഒന്നിച്ചൊന്നായി ‘കുമ്മനടിച്ചതിൻ്റെ’ ഉപ്പും പുളിയും മാറുന്നതിന് മുൻപാണ് മരുമകൻ മന്ത്രി മറ്റൊരാളെ ട്രോളുന്നത് എന്നതാണ് കൗതുകം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News