ന്യൂയോർക്ക്: നാം നിത്യേന ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കുകളുടെയും നാനോപ്ലാസ്റ്റിക്കുകളുടെയും സാന്നിധ്യം വർദ്ധിച്ചുവരുന്നതായി പുതിയ പഠനങ്ങൾ.
തലച്ചോറിലെ കോശങ്ങൾ, വൃഷണം, ലിംഗം, രക്തം, ശ്വാസകോശം, കരൾ കോശങ്ങൾ, മൂത്രം, മലം, മുലപ്പാൽ, മറുപിള്ള എന്നിവയിലെല്ലാം മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഭക്ഷണസാധനങ്ങൾ പൊതിയുന്ന പ്ലാസ്റ്റിക് കവറുകളിൽ നിന്നും പാത്രങ്ങളിൽ നിന്നും അതിസൂക്ഷ്മ പ്ലാസ്റ്റിക് കണികകൾ ഭക്ഷണത്തിലേക്ക് കലരുന്നുണ്ടെന്ന് ഏറ്റവും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇത് നമ്മുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
” എൻ പി ജെ സയൻസ് ഓഫ് ഫുഡ്” എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, മാംസം,ചീസ് എന്നിവയുടെ പാക്കററുകൾ അഴിക്കുമ്പോഴും, ചൂടുവെള്ളത്തിൽ ടീ ബാഗ് മുക്കുമ്പോഴും, പാൽ, ഓറഞ്ച് ജ്യൂസ് കാർട്ടണുകൾ തുറക്കുമ്പോഴും പ്ലാസ്റ്റിക് മലിനീകരണം സംഭവിക്കാം. പ്ലാസ്റ്റിക് പൂശിയ ലോഹ അടപ്പുകളുള്ള ഗ്ലാസ് കുപ്പികളും പാത്രങ്ങളും പോലും മൈക്രോസ്കോപ്പിക് പ്ലാസ്റ്റിക് കണികകൾ പുറത്തുവിടാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.
കുപ്പികളുടെ അടപ്പുകൾ ആവർത്തിച്ച് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് മൈക്രോ-നാനോപ്ലാസ്റ്റിക്കുകൾ പാനീയങ്ങളിലേക്ക് കലരുന്നതിന് കാരണമാകുന്നുവെന്നാണ് സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ പ്രവർത്തിക്കുന്ന ഫുഡ് പാക്കേജിംഗ് ഫോറത്തിലെ വിദഗ്ധ ലിസ സിമ്മർമാൻ പറയുന്നു.
ഓരോ തവണ കുപ്പി തുറക്കുമ്പോഴും മൈക്രോപ്ലാസ്റ്റിക്കുകളുടെ എണ്ണം കൂടുന്നുവെന്ന് ഗവേഷണം തെളിയിക്കുന്നു. ബിയർ, ടിന്നിലടച്ച മത്സ്യം, അരി, മിനറൽ വാട്ടർ, ടീ ബാഗുകൾ, ടേബിൾ സാൾട്ടുകൾ, പാഴ്‌സൽ ഭക്ഷണങ്ങൾ, ശീതളപാനീയങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളിൽ മൈക്രോ-നാനോപ്ലാസ്റ്റിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.
“പ്ലാസ്റ്റിക്കിൽ പായ്ക്ക് ചെയ്ത ഭക്ഷണസാധനങ്ങളുടെ സാധാരണ ഉപയോഗത്തിലൂടെ എങ്ങനെ മൈക്രോ-നാനോപ്ലാസ്റ്റിക് മലിനീകരണം സംഭവിക്കുന്നു എന്നതിൻ്റെ തെളിവാണിത്”- സിമ്മർമാൻ പറഞ്ഞു. “ഭക്ഷണത്തിൽ അളന്ന മൈക്രോ-നാനോപ്ലാസ്റ്റിക്കുകളുടെ ഒരു പ്രധാന ഉറവിടം ഭക്ഷണ പാക്കേജിംഗ് ആണെന്ന് ഞങ്ങൾ കണ്ടെത്തി.”- അവർ വിശദീകരിച്ചു.
ഫുഡ് പാക്കേജിംഗ് ഫോറം, 2024 സെപ്തംബറിൽ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു.ഇതനുസരിച്ച് ഭക്ഷ്യ ഉൽപ്പാദനം, സംസ്കരണം, പാക്കേജിംഗ്, സംഭരണം എന്നിവയ്ക്കിടെ 3,600-ലധികം രാസവസ്തുക്കൾ ഉപഭോക്തൃ ഉൽപ്പന്നങ്ങളിലേക്ക് കലരുകയും ശരീരത്തിൽ എത്തുകയും ചെയ്യുന്നുണ്ട്. ഇവയിൽ 79 രാസവസ്തുക്കൾക്ക് അർബുദം, ജനിതകമാറ്റങ്ങൾ, പ്രത്യുത്പാദന പ്രശ്നങ്ങൾ, മറ്റ് ആരോഗ്യ തകരാറുകൾ എന്നിവ ഉണ്ടാക്കാൻ കഴിവുണ്ടെന്നും പഠനം പറയുന്നു.
മൈക്രോപ്ലാസ്റ്റിക്കുകൾ (5 മില്ലിമീറ്ററിൽ താഴെയുള്ള പോളിമർ കണികകൾ) നാനോപ്ലാസ്റ്റിക്കുകൾ (ഒരു മീറ്ററിൻ്റെ ബില്യൺ കണക്കിന് ഭാഗം) എന്നിവയുടെ വലുപ്പം വളരെ ചെറുതായതിനാൽ അവ ദഹനനാളത്തിലൂടെയും ശ്വാസകോശത്തിലൂടെയും രക്തത്തിൽ കലരാൻ സാധ്യതയുണ്ട്. രക്തചംക്രമണം വഴി ഈ കണികകൾ ശരീരത്തിലുടനീളം വ്യാപിക്കുകയും കോശങ്ങളിൽ പ്രവേശിക്കുകയും ചെയ്യാം.
കഴുത്തിലെ കരോട്ടിഡ് ധമനികളിൽ മൈക്രോപ്ലാസ്റ്റിക്കുകളോ നാനോപ്ലാസ്റ്റിക്കുകളോ ഉള്ള ആളുകൾക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നും കണ്ടെത്തിയിരുന്നു.
ഭക്ഷണത്തിൽ മൈക്രോപ്ലാസ്റ്റിക് അംശങ്ങൾ കലരുന്നത് പൂർണ്ണമായും തടയാൻ നിലവിൽ സാധ്യമല്ല.എന്നിരുന്നാലും, പ്ലാസ്റ്റിക്കുകളുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിന് ചില കാര്യങ്ങൾ ചെയ്യാം.സ്റ്റെയിൻലെസ് സ്റ്റീൽ, ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ സഹായിക്കും.
പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണവും പാനീയങ്ങളും മൈക്രോവേവ് ചെയ്യുന്നത് ഒഴിവാക്കുക. പ്ലാസ്റ്റിക് പാത്രങ്ങൾ ഡിഷ്വാഷറിൽ കഴുകുന്നതും ഒഴിവാക്കുക, കാരണം ചൂട് രാസവസ്തുക്കൾ കലരുന്നതിന് കാരണമാകും. റീസൈക്ലിംഗ് കോഡ് 3 ഉള്ള പ്ലാസ്റ്റിക്കുകൾ ഒഴിവാക്കുകയും വേണമെന്ന് വിദഗ്ധർ പറയുന്നു.
One Response
We are in a real terrific situation.