മുംബൈ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഡൽഹിയിലെയും മുംബൈയിലെയും വിവിധ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി.
3,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡിയുടെ ഈ നിർണായക നടപടി. യെസ് ബാങ്കുമായി ബന്ധപ്പെട്ട വായ്പാ ക്രമക്കേടുകളാണ് അന്വേഷണത്തിന്റെ പ്രധാന വിഷയം.
മുംബൈയിലും ഡൽഹിയിലുമായി 35-ലധികം സ്ഥലങ്ങളിൽ ഒരേസമയം ആയിരുന്നു പരിശോധന. അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട 50-ഓളം കമ്പനികളും 25-ഓളം വ്യക്തികളും ഇഡിയുടെ നിരീക്ഷണത്തിലാണ്.
2017 നും 2019 നും ഇടയിൽ യെസ് ബാങ്കിൽ നിന്ന് റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്ക് ലഭിച്ച 3,000 കോടി രൂപയുടെ വായ്പകൾ ക്രമരഹിതമായി വകമാറ്റി ചെലവഴിച്ചു എന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.വായ്പ അനുവദിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്കിന്റെ പ്രൊമോട്ടർമാർക്ക് പണം ലഭിച്ചതായും ഇഡി സംശയിക്കുന്നുണ്ട്. ഇത് വായ്പ അനുവദിക്കുന്നതിനുള്ള കൈക്കൂലിയാണോ എന്നും അന്വേഷിക്കുന്നുണ്ട്.
യെസ് ബാങ്ക് വായ്പകൾ അനുവദിച്ചതിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നതായി ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വായ്പകൾക്ക് വേണ്ടത്ര രേഖകളോ കൃത്യമായ പരിശോധനകളോ ഇല്ലാതെയാണ് അനുമതി നൽകിയതെന്നും, ചില വായ്പകൾ ഷെൽ കമ്പനികളിലേക്ക് വഴിതിരിച്ചുവിട്ടതായും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.
സാമ്പത്തികമായി ദുർബലമായ സ്ഥാപനങ്ങൾക്ക് വായ്പ നൽകിയത്, ഒരേ വിലാസവും ഡയറക്ടർമാരുമുള്ള കമ്പനികൾക്ക് വായ്പ നൽകിയത് തുടങ്ങിയ ക്രമക്കേടുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
റിലയൻസ് പവറും റിലയൻസ് ഇൻഫ്രാസ്ട്രക്ചറും ഈ പരിശോധനകളുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയിട്ടുണ്ട്. ഈ നടപടികൾ തങ്ങളുടെ കമ്പനികളുടെ പ്രവർത്തനങ്ങളെയും സാമ്പത്തിക സ്ഥിതിയെയും ബാധിക്കില്ലെന്ന് ഇരു കമ്പനികളും വ്യക്തമാക്കി.
റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് , റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട 10 വർഷം പഴക്കമുള്ള ആരോപണങ്ങളാണെന്നും, റിലയൻസ് പവറിനും റിലയൻസ് ഇൻഫ്രാസ്ട്രക്ചറിനും ഈ കമ്പനികളുമായി സാമ്പത്തിക ബന്ധമില്ലെന്നും അവർ കൂട്ടിച്ചേർത്തു. അനിൽ അംബാനി റിലയൻസ് പവറിന്റെ ഡയറക്ടർ ബോർഡിൽ ഇല്ലെന്നും കമ്പനികൾ അറിയിച്ചു.
സിബിഐയുടെ എഫ് ഐ ആറുകളുടെയും നാഷണൽ ഹൗസിംഗ് ബാങ്ക്, സെബി, നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി , ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ വിവിധ ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇഡിയുടെ ഈ അന്വേഷണം. ബാങ്കുകളെയും ഓഹരി ഉടമകളെയും നിക്ഷേപകരെയും മറ്റ് പൊതു സ്ഥാപനങ്ങളെയും വഞ്ചിച്ച് പൊതുപണം തട്ടിയെടുക്കാൻ ആസൂത്രിതമായ നീക്കം നടന്നതായും ഇഡി സംശയിക്കുന്നു.