ഡോ ജോസ് ജോസഫ്
യൂജിൻ ജോസ് ചിറമ്മേൽ ആദ്യമായി സംവിധാനം ചെയ്ത സൂത്രവാക്യം ഒരു പോലീസ് മിസ്റ്ററി ത്രില്ലർ ചിത്രമാണ്.
ഈ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ലഹരിയടിച്ച ഷൈൻ ടോം ചാക്കോ അപമര്യാദയായി പെരുമാറിയെന്ന വിൻ സി അലോഷ്യസിൻ്റെ വെളിപ്പെടുത്തൽ വൻ വിവാദമായിരുന്നു. ഇരുവർക്കുമിടയിലുണ്ടായ അസ്വാരസ്യങ്ങൾ രമ്യമായി പരിഹരിച്ചതിനു ശേഷമാണ് ചിത്രത്തിൻ്റെ റിലീസിംഗ്.
ലഹരി ഉപയോഗിച്ചു കിറുങ്ങിയ പതിവ് വേഷത്തിൽ നിന്നും വ്യത്യസ്തമായി നിയന്ത്രിതവും സ്വാഭാവികവുമായ അഭിനയമാണ് ഈ ചിത്രത്തിൽ നായകനായ ഷൈൻ ടോം ചാക്കോയുടേത്.ഡയലോഗ് ഡെലിവറിയിലും ഷൈൻ ഈ ചിത്രത്തിൽ ഏറെ മെച്ചപ്പെട്ടു.
കോമാളിത്തം ഒഴിവാക്കി ഇരുത്തം വന്ന വേഷങ്ങൾ ചെയ്യാൻ പ്രതിഭയുള്ള നടനാണ് ഷൈനെന്ന് സൂത്രവാക്യം തെളിയിക്കുന്നു. ഷൈൻ ടോം ചാക്കോ, വിൻ സി അലോഷ്യസ്, ദീപക് പരമ്പോൾ എന്നിവർ മാത്രമാണ് ചിത്രത്തിൽ അഭിനയിച്ച അറിയപ്പെടുന്ന താരങ്ങൾ. മറ്റ് താരങ്ങൾ പുതുമുഖങ്ങളാണ്.
എം മോഹനൻ സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരൻ ചിത്രം മാണിക്യക്കല്ല് പോലെ സ്കൂൾ പശ്ചാത്തലത്തിൽ ഫീൽ ഗുഡ് മൂവിയായിട്ടാണ് സൂത്രവാക്യത്തിൻ്റെ തുടക്കം.രണ്ടാം പകുതി ‘സൂക്ഷ്മദർശിനി’യെ അനുസ്മരിപ്പിക്കുന്ന ക്രൈം ത്രില്ലറിലേക്കും പോലീസ് അന്വേഷണത്തിലേക്കും വഴി മാറുന്നു.പാലക്കാട് റൂറലിലെ മനമേൽക്കാവ് പോലീസ് സ്റ്റേഷനിലെ എസ്എച്ച് ഒയാണ് ക്രിസ്റ്റോ സേവിയർ (ഷൈൻ ടോം ചാക്കോ ).ക്രിസ്റ്റോ മാത്രമല്ല, സ്റ്റേഷനിലെ പോലീസുകാർ മൊത്തത്തിൽ മാന്യന്മാരാണ്.
എന്നാൽ പോലീസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ടല്ല പോലീസുകാർ അധിക സമയവും കാണപ്പെടുന്നത്.എസ് എച്ച് ഒ എന്നതിന് പുറമെ കണക്ക് ട്യൂഷൻ മാസ്റ്റർ കൂടിയാണ് ക്രിസ്റ്റോ. സ്റ്റേഷൻ്റെ മുകളിലത്തെ നിലയിൽ അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ക്ലാസ്സിൽ എത്താത്ത വിദ്യാർത്ഥികളെ അന്വേഷിച്ച് അവരുടെ വീടുകളിൽ വരെ പോകുന്നവരാണ് ഈ സ്റ്റേഷനിലെ നല്ലവരായ പോലീസുകാർ. പോലീസ് സ്റ്റേഷനിലെ ട്യൂഷൻ ക്ലാസ്സാണ് സംവിധായകൻ ഈ സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചിരിക്കുന്ന പുതുമ. എന്നാൽ അതിൽ വൈകാരികാംശം ചോർന്നു പോയി.
ചിത്രത്തിൻ്റെ തുടക്കത്തിൽ പോലീസ് സ്റ്റേഷനു സമീപത്തെ സ്കൂളിലെ അധ്യാപികയായ നിമിഷ (വിൻ സി അലോഷ്യസ് ) കുട്ടികൾ അവസാനത്തെ ക്ലാസ് കട്ട് ചെയ്ത് ക്രിസ്റ്റോയുടെ ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്. ക്രിസ്തുമസ്സ് ഉൾപ്പെടെയുള്ള കുട്ടികളുടെ ആഘോഷങ്ങളെല്ലാം ട്യൂഷൻ സെൻ്ററിലാണ്.സ്കൂളിലെ വിദ്യാർത്ഥികളായ അഖിലും ആര്യയും അടുത്ത കൂട്ടുകാരാണ്.
ആര്യ സഹോദരൻ വിവേകിന് 18 വയസ്സുള്ള പ്പോൾ ജനിച്ചതാണ്. അതിൻ്റെ പേരിൽ നാട്ടുകാർ കളിയാക്കുന്നു എന്നു പറഞ്ഞ് വിവേക് ആര്യയെ ക്രൂരമായി മർദ്ദിക്കാറുണ്ട്. അഖിലും ആര്യയും ഒരുമിച്ച് ആര്യയുടെ ജന്മദിനം ആഘോഷിക്കുന്നതു കണ്ട വിവേക് ഇരുവരെയും ക്രൂരമായി ആക്രമിക്കുന്നു ഇതാണ് കഥയിലെ വഴിത്തിരിവ്..
വിവേകിനെ പിന്നീട് പ്രത്യേക സാഹചര്യത്തിൽ കാണാതാവുന്നു. ക്രിസ്റ്റോയുടെ അന്വേഷണം മറ്റൊരു കൊലപാതകത്തിലേക്ക് എത്തിച്ചേരുന്നു. കാനഡയിൽ നിന്നും എത്തിയ ബെറ്റ്സി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബെറ്റ്സിക്ക് പുറമെ മാത്യൂസ്, ഷെർലി എന്നിവരുടെ അവിഹിത ബന്ധവും ഇതിനിടയിൽ കടന്നു വരുന്നു.
114 മിനിറ്റ് മാത്രമുള്ള ചിത്രത്തിൻ്റെ ദൈർഘ്യം കൂട്ടുന്നത് ഈ ഉപകഥയാണ്. അല്ലെങ്കിൽ ചിത്രം ഒന്നേകാൽ മണിക്കൂർ കൊണ്ട് തീരുമായിരുന്നു. ഈ ഉപകഥയിലെ കൊലപാതകത്തിൽ കാണാതായ വിവേകിൻ്റെ പങ്ക് പൊലീസ് കണ്ടെത്തുന്നുണ്ടെങ്കിലും അതും കഴിഞ്ഞ് മറ്റൊരു ക്ലൈമാക്സാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൻ്റെ തിരക്കഥ ഒട്ടും പ്രൊഫഷണൽ അല്ല. സംവിധായകനും റെജിൻ എസ് ബാബുവും ചേർന്ന് എഴുതിയ തിരക്കഥ മൊത്തത്തിൽ പാളി. ചിത്രത്തിലെ ക്രൈം വളരെ താമസിച്ചാണ് സംഭവിക്കുന്നത്. അതുമായി സ്കൂളിലെ വിദ്യാർത്ഥിക്കുള്ള പങ്ക് കണക്ട് ചെയ്യാനുള്ള ശ്രമം ഫലപ്രദമായില്ല.
എന്നാൽ കൗമാര പ്രണയം പക്വതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. സംവിധായകൻ യൂജിൻ ജോസ് ചിറമ്മേൽ പലയിടത്തും കഷ്ടിച്ച് രക്ഷപെട്ടു എന്നേ പറയാനാവുകയുള്ളു. പ്രധാന കഥയും ഉപകഥയും പോലീസ് അന്വേഷണവുമൊന്നും പ്രേക്ഷകരെ സ്പർശിക്കുന്നതെയില്ല.
വിൻ സി യുടെ നിമിഷ എന്ന കഥാപാത്രം വെറും നോക്കുകൂത്തിയാണ്. ഇങ്ങനെയൊരു കഥാപത്രം ഇല്ലെങ്കിലും ഒന്നും സംഭവിക്കുമായിരുന്നില്ല. പല കഥാപാത്രങ്ങളും അവികസിതമാണ്. കുട്ടികൾ സ്കൂൾ ക്ലാസ്സ് കട്ട് ചെയ്ത് പോലീസ് ഓഫീസറായ ക്രിസ്റ്റോയുടെ ട്യൂഷൻ ക്ലാസ്സിലേക്ക് പോകുന്നതിന് മതിയായ കാരണമൊന്നും ചിത്രത്തിൽ കാണാനില്ല.
കുട്ടികളും ട്യൂഷൻ മാസ്റ്ററുമായുള്ള ബന്ധവും തീർത്തും ഉപരിപ്ലവമായാണ് ചിത്രീകരിച്ചിരിക്കുന്നത്.പോലീസ് നടപടി ക്രമങ്ങൾ ഇപ്പോൾ മലയാളം ക്രൈം സ്റ്റോറികളിലെ സ്ഥിരം കാഴ്ച്ചയാണ്. സൂത്രവാക്യവും ഉപരിപ്ലവമായി ഇത്തരം രംഗങ്ങൾ ആവർത്തിക്കുന്നുണ്ട്.
ചിത്രത്തിൽ നായകനായ ക്രിസ്റ്റോയുടെ വേഷം ഷൈൻ ടോം ചാക്കോ ഭംഗിയായി അവതരിപ്പിച്ചു. പതിവ് അരക്കിറുക്കൻ വേഷങ്ങളുടെ നിഴലുകളൊന്നും കാണാനെയില്ല.കോമഡിയും ഷൈൻ ഭംഗിയായി ചെയ്തു.വിൻ സി വെറുതെ ചില രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്ന് മാത്രമെയുള്ളു.
ദീപക് പരമ്പോളിനെ പോലെ മികച്ച ഒരു നടന് ചേർന്ന വേഷമല്ല ചിത്രത്തിലെ വിവേക്. ആര്യയുടെ വേഷമിട്ട അനഘ അന്നെറ്റ് മികച്ച പ്രകടനം കാഴ്ച്ച വെച്ചു.കാമുകനായ അഖിലിൻ്റെ വേഷത്തിൽ നസീഫ് പി പി തിളങ്ങിയില്ല.
ജീൻ പി ജോൺസൻ്റെ പശ്ചാത്തല സംഗീതവും ശ്രീറാം ചന്ദ്രശേഖരൻ്റെ ഛായാഗ്രഹണവും മികച്ചതാണ്. നിതീഷ് കെ ടി ആറാണ് എഡിറ്റർ.സിനിമാ ബണ്ടിയുടെ ബാനറിൽ ശ്രീകാന്ത് കന്ദ്രഗുളയാണ് ചിത്രം നിർമ്മിച്ചത്.ചെറിയ ചിത്രമായതിനാൽ ബോറടി ഒഴിവാക്കാൻ സംവിധായകൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
—————————————————————————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക