രാഷ്ടീയ സമ്മർദ്ദം രൂക്ഷം: 6 സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് ?

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ആദ്യ ബജറ്റിൽ തിരഞ്ഞെടുക്കപ്പെട്ട ആറു സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന് സൂചന.

നീതി ആയോഗ് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഏതെങ്കിലും സംസ്ഥാനത്തിന് പ്രത്യേക പദവി പ്രഖ്യാപിക്കുന്നത് അപ്രായോഗികമാണ്. എന്നാൽ  രാഷ്ടീയ സമ്മർദ്ദം മൂലം സാമ്പത്തിക പാക്കേജുകൾ അനിവാര്യമായി വരുമെന്നാണ് നിരീക്ഷകർ കരുതുന്നത്.

ബിഹാർ ,ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിനെയുമാണ് പ്രത്യേക പാക്കേജിനായി പരിഗണിക്കുന്നത്.

ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത നരേന്ദ്ര മോദി സർക്കാരിന് ബിഹാറിലെ നിതീഷ് കുമാറിന്റെ ജെ.ഡി (യു)വിന്റെയും ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുടെയും പിന്തുണ കൂടിയേ തീരൂ. ഇരുവരൂം പ്രത്യേക പാക്കേജിന് വേണ്ടി വാദിക്കുന്നവരാണ്.

ബിഹാറിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ട് തന്നെ നിതീഷിന്റെ ആവശ്യം പൂർണമായി അവഗണിക്കാൻ ബി ജെ പി ക്ക് കഴിയില്ല. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, വൻകിട പദ്ധതികൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.

റോഡ്, വ്യവസായം, ഊർജം, തൊഴിൽ, കൃഷി തുടങ്ങിയ മേഖലകളുടെ വികസനത്തിനായാണ് സാമ്പത്തിക പാക്കേജ് അനുവദിക്കാൻ ആലോചിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News