ഒരു വേണു സംഗീതം പോലെ

സതീഷ് കുമാര്‍ വിശാഖപട്ടണം

പ്രയാണം എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാവുകത്വങ്ങള്‍ പുതുക്കിയെഴുതിയ ചലച്ചിത്ര സംവിധായകന്‍ ഭരതനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയതായിരുന്നു കലാകൗമുദിയുടെ ലേഖകനായ ആ ചെറുപ്പക്കാരന്‍. സാഹിത്യം, സംഗീതം, നാടകം, കഥകളി, താളബോധം, നാടന്‍പാട്ട്, കവിത, സിനിമ തുടങ്ങി എല്ലാ സുകുമാരകലകളേയും സ്പര്‍ശിച്ചു കൊണ്ടുള്ള ആ ഇന്റര്‍വ്യൂവില്‍ ഓരോ ചോദ്യത്തിനും മറുപടി പറയുമ്പോഴും ചോദ്യകര്‍ത്താവിന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും, ഒരു നാട്ടിന്‍പുറത്തുകാരന്റെ കുസൃതിയും, കുട്ടനാടിന്റെ നിഷ്‌ക്കളങ്കതയിലലിഞ്ഞു
ചേര്‍ന്ന വായ്ത്താരികളിലുമൊക്കെയായിരുന്നു ഭരതന്റെ കണ്ണുകള്‍ ഉടക്കി നിന്നത്.

തന്റെ മുന്നിലിരിക്കുന്ന നെടുമുടി വേണു എന്ന ഈ ചെറുപ്പക്കാരന്‍ വെറുമൊരു പത്രലേഖകന്‍ മാത്രമല്ല എന്ന തിരിച്ചറിവിലൂടെ ഭരതന്‍ മനസ്സില്‍ ചില കണക്കുകൂട്ടലുകള്‍ നടത്തുകയായിരുന്നു. താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ആരവം എന്ന ചിത്രത്തില്‍ കമലഹാസനു വേണ്ടി നീക്കിവെച്ചിരിക്കുന്ന മരുത് എന്ന കഥാപാത്രം എന്തുകൊണ്ട് ഇയാളെ ഏല്‍പ്പിച്ചുകൂടാ എന്നായിരുന്നു ഭരതന്റെ മനോരഥം. ഈ യുവാവിന്റെ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്ന അഭിനയ പ്രതിഭയെ തിരിച്ചറിഞ്ഞ ഭരതനാണ് നെടുമുടി വേണുവിനെ സിനിമയിലേക്ക് ആദ്യമായി ക്ഷണിക്കുന്നത്.

 

അതിനകം തന്നെ കാവാലത്തിന്റെ നാടകക്കളരിയിലൂടെ അരങ്ങിലെത്തിയ ‘അവനവന്‍ കടമ്പ’ എന്ന നാടകത്തിലെ അസാമാന്യ പ്രകടനത്താല്‍ തലസ്ഥാനനഗരിയിലെ നാടക ആസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ നെടുമുടി വേണുവിനെ ഭരതന്‍ തന്റെ ആരവത്തിലെ നായകനാക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ആരവത്തിന്റെ ചിത്രീകരണം അല്പം നീണ്ടു പോയതിനാല്‍ അരവിന്ദന്റെ ‘തമ്പ് ‘ എന്ന ചിത്രത്തിലാണ് നെടുമുടി ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത്…

 

ആലപ്പുഴ എസ് ഡി കോളേജിലെ വിദ്യാഭ്യാസകാലത്ത് തന്നെ ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്നു പില്‍ക്കാലത്ത് സംവിധായകനായി മാറിയ ഫാസിലും നെടുമുടി വേണുവും . നാടകാഭിനയം, മിമിക്രി, മ്യൂസിക് നൈറ്റുകള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ ചില്ലറ കലാപരിപാടികളുമൊക്കെയായി കലാരംഗത്ത് നിറഞ്ഞുനിന്നിരുന്ന ഇവര്‍ക്ക് താങ്ങും തണലുമായത് നാടകാചാര്യനായ കാവാലം നാരായണപണിക്കരാണ്. തമ്പിനും ആരവത്തിനും ശേഷം നെടുമുടിവേണു തകരയിലെ ചെല്ലപ്പനാശാരിയിലേക്കുള്ള പകര്‍ന്നാട്ടത്തിലൂടെ മലയാളസിനിമയുടെ ചരിത്ര ദശാസന്ധികളെ ഒരു പുതിയ ചക്രവാളത്തിലേക്ക് ആനയി ക്കുകയായിരുന്നു.

 

അതുവരെ സിനിമയ്ക്ക് അത്യന്താപേക്ഷിതമെന്ന് കരുതിയിരുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങളെ ഉടച്ചുവാര്‍ത്ത് സ്വാഭാവികത നിറഞ്ഞ അഭിനയ ശൈലിയിലൂടെ ചെല്ലപ്പനാശാരിയെ അനശ്വരമാക്കിയ നെടുമുടി വേണുവിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പിന്നാലെ വന്ന വിടപറയും മുമ്പേ, എന്നെന്നും കണ്ണേട്ടന്റെ, പാളങ്ങള്‍ ,യവനിക, തേനും വയമ്പും, ആലോലം, ഓര്‍മ്മക്കായ്, സര്‍വ്വകലാശാല, അപ്പുണ്ണി, മനസ്സിനക്കരെ, മര്‍മ്മരം, ദശരഥം, രാജശില്പി, വൈശാലി, സര്‍ഗ്ഗം, ഹിസ് ഹൈനസ്സ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങളിലൂടെ നെടുമുടിവേണു നടത്തിയ വേഷപ്പകര്‍ച്ച മലയാളസിനിമയില്‍ സമാനതകളില്ലാത്തതായിരുന്നു.

 

ആലോലത്തില്‍ കാമകലയില്‍ വിരുതനായ കുസൃതിക്കാരനും ഫലിതപ്രിയനുമായ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രം അതുവരെ മലയാള സിനിമയില്‍ കാണാത്ത ആവിഷ്‌ക്കാര ചാതുര്യത്തോടെ എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതാക്കി ഈ മഹാനടന്‍. നാല്‍പ്പതാമത്തെ വയസ്സില്‍ എണ്‍പതുകാരന്റെ ഭാവപ്രകടനങ്ങളുമായി വേണു ‘എന്നെന്നും കണ്ണേട്ടന്റെ ‘ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച നടന വൈഭവം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, സര്‍ഗ്ഗം തുടങ്ങിയ ചിത്രങ്ങളില്‍ സംഗീതജ്ഞരുടെ തനതു ഭാവങ്ങളോടെ നടപ്പിലും എടുപ്പിലും ആലാപനത്തിലുമെല്ലാം സ്വാഭാവിക ചലനങ്ങളുടെ കൊടുമുടികള്‍ കീഴടക്കുന്ന കാഴ്ച്ച മലയാള സിനിമയുടെ ചരിത്ര രേഖകളില്‍ തീര്‍ച്ചയായും അടയാളപ്പെടുത്തേണ്ടതു തന്നെ.

കാവാലം, അയ്യപ്പപ്പണിക്കര്‍ തുടങ്ങിയ ജനകീയ കവികളുടെ കവിതകള്‍ പാടിക്കൊണ്ട് കവിത മനസ്സില്‍ കൂടുകൂട്ടിയിരുന്ന എണ്‍പതുകളിലെ ക്യാമ്പസ്സുകളേയും യുവതലമുറയേയും ആവേശത്തിന്റെ പരകോടിയിലെത്തിക്കാന്‍ മലയാളത്തില്‍ ഒരു നെടുമുടി വേണുവിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ ..!

നെടുമുടി വേണു എഴുതിയ 11 കഥകള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. അഞ്ചു തിരക്കഥകള്‍, പൂരം എന്ന ചിത്രത്തിന്റെ സംവിധാനം 18 ഗാനങ്ങളുടെ ആലാപനം 3 ഗാനങ്ങളുടെ രചനയും സംഗീതസംവിധാനവുമെല്ലാം ഈ നടന്റെ കലാരംഗത്തെ അതുല്യ സംഭാവനകളാണ്. കേരളക്കരയെ കോരിത്തരിപ്പിച്ച എണ്ണമറ്റ മനോഹര ഗാനങ്ങളിലൂടെയായിരിക്കും ഒരു പക്ഷേ ഭാവിതലമുറ നെടുമുടി വേണു എന്ന നടനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുക.

സംഗീതപ്രേമികളുടെ മനസ്സില്‍ എന്നുമെന്നും ചന്ദനം മണക്കുന്ന ഏതാനും ചില ഗാനങ്ങള്‍ ഈ കലാകാരനുള്ള ഓര്‍മ്മപ്പൂക്കളായി ഇവിടെ ഓര്‍ത്തെടുക്കട്ടെ.
‘മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ… (ആരവം )
‘അല്ലിയിളം പൂവോ ഇല്ലിമുളം തേനോ … (മംഗളം നേരുന്നു ) ‘സ്വരരാഗഗംഗാ പ്രവാഹമേ …
(സര്‍ഗ്ഗം )
‘ പൂവേണം പൂപ്പട വേണം … (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം )
‘ അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ … (സര്‍വ്വകലാശാല )
‘ആലായാല്‍ തറവേണം അടുത്തൊരമ്പലം വേണം (ആലോലം )
‘ ഉല്ലല ചില്ലല തെന്നലില്‍ ചിന്നുന്ന … (വിട പറയും മുന്‍പേ )
‘ചന്ദനം മണക്കുന്ന പൂന്തോട്ടം … (അച്ചുവേട്ടന്റെ വീട് )
‘ ദേവസഭാതലം രാഗിലമാകുവാന്‍ ….. (ഹിസ് ഹൈനസ്സ് അബ്ദുള്ള )
‘നീ തന്നെ ജീവിതം സന്ധ്യേ … (വേനല്‍ )
‘നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ … (പൊന്നും പൂവും )
‘മൗനസരോവരമാകെയുണര്‍ന്നു …( സവിധം )
ഇന്നലെയെന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ …
(ബാലേട്ടന്‍ )
‘ഏതോ ജന്മകല്പനയില്‍ (പാളങ്ങള്‍ )
‘ആന്ദോളനം ദോളനം ….
( സര്‍ഗ്ഗം )
‘പാടുവാനായ് വന്നു നിന്റെ പടിവാതില്‍ക്കല്‍ …
( എഴുതാപ്പുറങ്ങള്‍)
‘നഗുമോമു നഗലാനി…(ചിത്രം )
‘രാഗങ്ങളേ മോഹങ്ങളേ പൂ ചൂടും ആത്മാവിന്‍ ഭാവങ്ങളെ … (താരാട്ട് )
‘തേനും വയമ്പും നാവില്‍ തൂകും വാനമ്പാടി … ( തേനും വയമ്പും ) എന്നിങ്ങനെ എത്രയെത്ര ഗാനങ്ങളിലൂടെയാണ് ഈ നടന്‍ മലയാള മനസ്സിനെ ഒരു നാദമയൂഖത്തെ പോലെ രാഗിലമാക്കിയത്.
2021 ഒക്ടോബര്‍ 11 ന് മലയാള സിനിമയുടെ സംഭവ ബഹുലമായ ഒരദ്ധ്യായം അവസാനിക്കുകയായിരുന്നു. നെടുമുടി വേണു ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷമായി എന്നു വിശ്വസിക്കാനേ കഴിയുന്നില്ല. പ്രണാമം…..


(സതീഷ് കുമാര്‍ വിശാഖപട്ടണം
പാട്ടോര്‍മ്മകള്‍ @ 365 )